കണ്ണൂർ: കേരളം വ്യവസായ സൗഹൃദമല്ലെന്ന് മന്ത്രി പദവിയിലുള്ള പ്രതിപക്ഷ നേതാവ് പരസ്യമായി പറയുകയാണെന്നും അദ്ദേഹം നാടിന്റെ വികസനത്തിന് എതിരായ പ്രതിപക്ഷമായി മാറാൻ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അസംബ്ലിയിൽ ഭരണപക്ഷമുള്ളതിനാലാണ് പ്രതിപക്ഷമുണ്ടാകുന്നത്. ഭരണപക്ഷത്തിന്റെ മുന്നിലുള്ള പ്രതിപക്ഷ നേതാവ് നാടിനെ അംഗീകരിക്കാത്ത നിലയുണ്ടാവരുത്. കാര്യങ്ങൾ നന്നായി മനസിലാക്കാൻ തയ്യാറാവുന്ന പാർലമെന്റ് അംഗമായ കോൺഗ്രസ് നേതാവ് പരസ്യമായി കേരളത്തിന്റെ പുരോഗതി ഉയർത്തിക്കാട്ടി. നമ്മുടെ നാട് മെച്ചപ്പെട്ട അവസ്ഥയിലാകുമ്പോൾ സന്തോഷം രേഖപ്പെടുത്തിയ സ്വാഭാവിക പ്രക്രിയയാണ് ഇവിടെയുണ്ടായത്. പക്ഷെ, ഇവിടെ നടക്കുന്ന വികസന കാര്യങ്ങൾ മറച്ചുവെച്ച നിഷേധ രൂപത്തിലുള്ള പ്രചരണം അഴിച്ചുവിടാൻ താൽപര്യമുള്ളവർക്ക് ഇത് വലിയ വിഷമമുണ്ടാക്കി. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രതിപക്ഷനേതാവ് പരസ്യമായി പറയുകയാണ്.
വ്യവസായ സൗഹൃദമെന്നത് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. 2016ൽ എൽ.ഡി.എഫ് സർക്കാർ വരുമ്പോൾ 26ാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനം ഇപ്പാൾ ഒന്നാം സ്ഥാനത്തായി. ഇതിനായി വലിയ ഇടപെടലാണ് നടത്തിയത്. ചില നിയമങ്ങളും തദ്ദേശ സ്വയം ഭരണം അടക്കമുള്ള വകുപ്പുകളിലെ ചട്ടങ്ങളും മാറ്റി. ഇതൊക്കെയാണ് കേരളത്തെ ഒന്നാമതാക്കിയത്. നിക്ഷേപസൗഹൃദ സംസ്ഥാനമെന്നതിലെ ഒന്നാം സ്ഥാനം നമ്മൾ ശിപാർശ നടത്തി നേടിയതല്ല. കൃത്യമായ മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പരിശോധിച്ചതാണ്. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 3.45 ലക്ഷത്തിലധികം സംരംഭങ്ങളും 29,000 കോടിയുടെ നിക്ഷേപവും 7.30 ലക്ഷം തൊഴിലവസരങ്ങളുമുണ്ടായി. നാട് മെച്ചപ്പെടുത്താൻ ശ്രമം നടത്തുമ്പോൾ ഒന്നും ഇവിടെ നടക്കരുതെന്ന് ചിലർ പറയുന്നു. കാലത്തിനനുസരിച്ച് മാറാതെ എങ്ങനെയാണ് ഒരു നാട് മുന്നോട്ടുപോവുക. എൽ.ഡി.എഫിനോട് രാഷ്ട്രീയമായി വിരോധമാകാം. നാടിനോടും ജനങ്ങളോടുമാണ് ചിലരുടെ വിരോധമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |