അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇന്ത്യ ഇന്ന് മാൽദീവ്സിനെ നേരിടും
സുനിൽ ഛെത്രിയുടെ അന്താരാഷ്ട്ര ഫുട്ബാളിലേക്കുള്ള തിരിച്ചുവരവ് മത്സരം
ഷില്ലോംഗ് : ഒൻപത് മാസം മുമ്പ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സൂപ്പർ താരം സുനിൽ ഛെത്രിയുടെ ഇന്ത്യൻ കുപ്പായത്തിലേക്കുള്ള തിരിച്ചുവരവിന് ഇന്ന് ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. മാൽദീവ്സിനെതിരെ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലൂടെയാണ് ഛെത്രി തിരിച്ചെത്തുന്നത്. ഒരാഴ്ചയോളമായി ഷില്ലോംഗിൽ ടീമിനൊപ്പം പരിശീലനം നടത്തുന്ന ഛെത്രി ഇന്നത്തെ കളിയിൽ പകരക്കാരനായി ഇറങ്ങാനാണ് കൂടുതൽ സാദ്ധ്യത.
കഴിഞ്ഞ വർഷം ജൂൺ ആറിന് കൊൽക്കത്ത യുവ്‌ഭാരതി ക്രീഡാംഗണിൽ കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിലൂടെയാണ് ഛെത്രി വിരമിച്ചിരുന്നത്. ഈമത്സരത്തിൽ ഇന്ത്യ ഗോൾരഹിത സമനില വഴങ്ങി. തുടർന്ന് കഴിഞ്ഞ വർഷം ഇന്ത്യ അഞ്ച് മത്സരങ്ങൾ കൂടി കളിച്ചിരുന്നെങ്കിലും ഒന്നിൽ പോലും വിജയിക്കാനായിരുന്നില്ല. 2024ൽ ആകെ കളിച്ച 11 മത്സരങ്ങളിലൊന്നിലും ഇന്ത്യ ജയിച്ചിരുന്നില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് പുറത്തായതോടെ പരിശീലക സ്ഥാനത്തുനിന്ന് ഇഗോർ സ്റ്റിമാച്ച് തെറിക്കുകയും എഫ്.സി ഗോവയുടെ കോച്ചായ മനോലോ മാർക്വേസിനെ ദേശീയ ടീമിന്റെ അധികച്ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ ആൾടൈം ടോപ് ഗോൾ സ്കോററായ ഛെത്രിക്ക് പകരക്കാരനെ കണ്ടെത്താൻ കഴിയാതെവന്നതോടെ മനോലോയുടെ അഭ്യർത്ഥന മാനിച്ചാണ് ഛെത്രി തിരിച്ചെത്തിയിരിക്കുന്നത്.
ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച ശേഷം ഐ.എസ്.എല്ലിൽ മികച്ച ഫോമിലാണ് 40കാരനായ ഛെത്രി. ബംഗളൂരു എഫ്‌സിക്കു വേണ്ടി ഈ സീസണിൽ 12 ഗോളുകൾ നേടിയിട്ടുണ്ട്. രണ്ട് അസിസ്റ്റുകളും നടത്തി. ഈ സീസണിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ താരം ഛെത്രിതന്നെയാണ്.
ഇന്നത്തെ സൗഹൃദ മത്സരം ഇന്ത്യൻ ടീമിന് അടുത്തവാരം തുടങ്ങുന്ന എ.എഫ്.സി ഏഷ്യൻ കപ്പിനുള്ള യോഗ്യതയുടെ മൂന്നാം റൗണ്ടിനുള്ള പരിശീലനം കൂടിയാണ് . ഈ മാസം 25ന് ബംഗ്ളാദേശിനെതിരെയാണ് ഇന്ത്യയുടെ മൂന്നാം റൗണ്ടിലെ ആദ്യ മത്സരം. അടുത്ത മാർച്ച് വരെയുള്ള കാലയളവിൽ സിംഗപ്പൂർ,ഹോംഗ്കോംഗ്,ബംഗ്ളാദേശ് എന്നിവർക്കെതിരെ ഓരോ ഹോം മാച്ചും എവേ മാച്ചുമാണ് ഇന്ത്യ കളിക്കേണ്ടത്.
21-15-4-2
ഇന്ത്യയും മാൽദീവ്സും തമ്മിൽ ഇതുവരെ കളിച്ച 21 മത്സരങ്ങളിൽ 15 എണ്ണത്തിലും ജയിച്ചത് ഇന്ത്യ. മാൽദീവ്സിന് നാലു ജയങ്ങൾ മാത്രം. രണ്ട് മത്സരങ്ങൾ സമനിലയിലായി.
2021
ലെ സാഫ് ചാമ്പ്യൻഷിപ്പിലാണ് ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ 3-1ന് ജയിച്ചപ്പോൾ സുനിൽ ഛെത്രി ഇരട്ടഗോളടിച്ചിരുന്നു.
17
ഇന്നത്തേത് സൗഹൃദ മത്സരമായതിനാൽ ഓരോ ടീമിനും പകരക്കാർ ഉൾപ്പടെ 17 കളിക്കാരെ കളത്തിലിറക്കാം. ആറ് സബ്സ്റ്റിറ്റ്യൂട്ടുകളെ ഉപയോഗിക്കാം.
152
സുനിൽ ഛെത്രിയുടെ 152-ാമത്തെ അന്താരാഷ്ട്ര മത്സരമാകുമിത്.
സുനിൽ ഛെത്രിയുടെ പ്രായം 20 ആണോ 40 ആണോ എന്നത് ഞാൻ നോക്കുന്നില്ല. ഇപ്പോൾ ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ താരമാണ് അദ്ദേഹം. ശാരീരികക്ഷമതയുണ്ടെങ്കിൽ 87കാരനായ എന്റെ അപ്പൂപ്പനെവരെ ഗ്രൗണ്ടിലിറക്കാൻ ഞാൻ തയ്യാറാണ് -
മനോലോ മാർക്വേസ് , ഇന്ത്യൻ ഫുട്ബാൾ കോച്ച്
126 ഫിഫ റാങ്ക് പട്ടികയിൽ ഇന്ത്യ
162 ഫിഫ റാങ്ക് പട്ടികയിൽ മാൽദീവ്സ്
7 pm മുതൽ സ്റ്റാർ സ്പോർട്സ് 3ലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |