വാഷിംഗ്ടൺ: യു.എസ് സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന മാദ്ധ്യമമായ വോയ്സ് ഒഫ് അമേരിക്ക നിറുത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയയുടെ (യു.എസ്.എ.ജി.എം) കീഴിലാണ് വോയ്സ് ഒഫ് അമേരിക്ക പ്രവർത്തിക്കുന്നത്. യു.എസ്.എ.ജി.എമ്മിനുള്ള ധനസഹായം നിറുത്താനുള്ള ഉത്തരവിൽ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. പിന്നാലെ, ഏകദേശം 1,300 ജീവനക്കാരോട് അവധിയിൽ പ്രവേശിക്കാനും ഉത്തരവിട്ടു.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ കൂട്ടമായി പിരിച്ചുവിടുന്നെന്നാണ് റിപ്പോർട്ട്. മാർച്ച് അവസാനത്തോടെ ജോലി നിറുത്തണമെന്ന് ഇവർക്ക് ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്താണ് വോയ്സ് ഒഫ് അമേരിക്ക രൂപംകൊണ്ടത്. മാദ്ധ്യമ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലേക്ക് എത്തിച്ചേരുകയായിരുന്നു ലക്ഷ്യം.
ലോകമെമ്പാടും 49 ഭാഷകളിൽ ഡിജിറ്റൽ, ടെലിവിഷൻ, റേഡിയോ ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്തു. വോയ്സ് ഒഫ് അമേരിക്കയുടെ സഹോദര സ്ഥാപനങ്ങളായ റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബർട്ടി, മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കുകൾ എന്നിവയ്ക്കുള്ള ധനസഹായവും നിറുത്തലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |