തിരുവനന്തപുരം: രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേരളത്തിലെ ടൂറിസം മേഖലയിലെ വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കേന്ദ്ര ടൂറിസം അഡിഷണൽ സെക്രട്ടറി സുമൻ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന് പ്രത്യേക പാക്കേജ് വേണം
കേരളത്തിലെ ആയുർവേദ മേഖലയുടെയും ബീച്ചുകളുടെയും വളർച്ചയ്ക്കും പ്രോത്സാഹനത്തിനും കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രചാരണ കാമ്പയിനുകളിൽ കേന്ദ്ര സഹായം ആവശ്യമാണ്. ഏപ്രിലിലെ അറബ് ട്രാവൽ മാർട്ടിൽ ഇന്ത്യ പങ്കെടുക്കുന്നില്ലെന്ന തീരുമാനം പുനഃപരിശോധിക്കണം. കൂടുതൽ വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ അറബ് മാർട്ടിലെ സാന്നിദ്ധ്യം സഹായിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |