കണ്ണൂർ: യുവജനങ്ങൾക്കിടയിൽ തൊഴിൽ സമ്മർദ്ദവും ആത്മഹത്യാ പ്രവണതയും വർദ്ധിക്കുന്നതായി സംസ്ഥാന യുവജന കമ്മിഷന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തെ സംബന്ധിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിലെ കണ്ടെത്തൽ. ഐ.ടി, ഗിഗ് ഇക്കോണമി, മീഡിയ, ബാങ്കിംഗ്, ഇൻഷൂറൻസ്, റീട്ടെയിൽ ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന പതിനെട്ടിനും 40നും ഇടയിലുള്ള യുവജനങ്ങളിലാണ് പഠനം നടത്തിയത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് എണ്ണൂറിലധികം യുവജനങ്ങളാണ് ആത്മഹത്യ ചെയ്തതായാണ് കണക്ക്.തൊഴിൽ സമ്മർദ്ദവും ദൈനംദിന ജോലിയും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ സാധിക്കാതെ നിരവധി പേർ തൊഴിൽ ഉപേക്ഷിച്ച് സ്വന്തം സംരംഭം എന്ന ആശയത്തിലേക്ക് നീങ്ങിയതായും കണക്കുകൾ പറയുന്നു.
സർവേ പ്രകാരം ഐ.ടി(84.35 ശതമാനം), മീഡിയ ( 83.5ശതമാനം) മേഖലകളിൽ തൊഴിലെടുക്കുന്ന യുവജനങ്ങളിലാണ് ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദ്ദം റിപോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ ബാങ്കിംഗ് ഇൻഷൂറൻസ് മേഖലയിലും(80.6ശതമാനം), ഗിഗ് ഇക്കണോമിയിലെയും (75.5ശതമാനം) ജീവനക്കാരിൽ തൊഴിൽ സമ്മർദ്ദം റിപോർട്ട് ചെയ്തിട്ടുണ്ട്. 30നും 39നും ഇടയിൽ പ്രായമുള്ള യുവജനങ്ങളാണ് ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദ്ദം അനുഭവിക്കുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ തൊഴിൽ സമ്മർദ്ദം അനുഭവിക്കുന്നത്. ജോലിഭാരം കാരണം സ്ത്രീകൾക്ക് വർക്ക് ലൈഫ് ബാലൻസിൽ വീട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക അസ്ഥിരാവസ്ഥ, വർക്ക് ലൈഫ് ബാലൻസ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് മാനസിക സമ്മർദ്ധത്തിനുള്ള പ്രധാന കാരണങ്ങൾ.
സമ്മർദ്ദം വരുന്ന വഴി
ജോലിയുടെ സ്വഭാവം, തൊഴിൽ അന്തരീക്ഷം, സമയപരിധി, സമയ സമ്മർദ്ദം, ടാർഗറ്റ്സ് . തൊഴിലിടങ്ങളിലുള്ള വിവേചനം എന്നിവ ജീവനക്കാർക്കിടയിൽ സമ്മർദ്ദത്തിന് കാരണമാകുന്ന പൊതുഘടകമാണ്.
മികച്ച തൊഴിൽ അന്തരീക്ഷത്തിന് നിർദേശങ്ങൾ
തൊഴിൽ സ്ഥാപനങ്ങളിൽ റീക്രിയേഷനൽ കോർനേഴ്സ് സ്ഥാപിക്കുക
തൊഴിലിടങ്ങളിൽ നിശ്ചിത ഇടവേളകളിൽ സ്ട്രെസ് ഓഡിറ്റ്
വർക്ക് ലൈഫ് ബാലൻസ് പോളിസികൾ നടപ്പിലാക്കുക
ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും വെൽനെസിനായി അനുവദിക്കുക
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക അച്ചടക്കത്തിനും ഉതകുന്ന ശിൽപശാലകൾ
മാനസികാരോഗ്യ വിദഗ്ധരെ നിയമിക്കുക
സർക്കാർ നിയമത്തിലൂടെ എല്ലാ തൊഴിലാളികൾക്കും ഇൻഷൂറൻസ് ആനുകൂല്യം
അടിസ്ഥാന ഫിറ്റ്‌നെസ് സൗകര്യങ്ങൾ
മൈൻഡ് ഫുൾനെസ് പ്രോഗ്രാമുകൾ
സമ്മർദ്ദം കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |