ഹൈദരാബാദ്: ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച് ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അനായാസ ജയമാണ് അവര്‍ സ്വന്തമാക്കിയത്. 153 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. സൂപ്പര്‍താരങ്ങളായ ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍ എന്നിവര്‍ വളരെ വേഗത്തില്‍ പുറത്തായിട്ടും അത് മുതലെടുക്കാന്‍ ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.
153 റണ്‍സ് പിന്തുടരാനിറങ്ങിയ ടൈറ്റന്‍സിന് സായ് സുദര്‍ശന്‍ 5(9), ജോസ് ബട്‌ലര്‍ 0(3) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ഓവറായപ്പോള്‍ നഷ്ടമായി. വെറും 16 റണ്‍സ് മാത്രമാണ് ഈ സമയത്തെ ടീം സ്‌കോര്‍. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 61*(43) - വാഷിംഗ്ടണ്‍ സുന്ദര്‍ 49(29) സഖ്യം നേടിയ 90 റണ്‍സ് കൂട്ടുകെട്ട് ടൈറ്റന്‍സിന്റെ ജയം ഉറപ്പാക്കി. 14ാം ഓവറില്‍ സുന്ദര്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിന്‍ഡീസ് താരം ഷെര്‍ഫെയ്ന്‍ റുതുര്‍ഫോര്‍ഡ് 35*(16) റണ്‍സ് നേടി പുറത്താകാതെ നിന്നു. ഹൈദരാബാദിനായി മുഹമ്മദ് ഷമി രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നിശ്ചിത 20 ഓവറുകളില്‍ നേടാനായത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 152 റണ്‍സ് മാത്രം. നാല് വിക്കറ്റ് പ്രകടനവുമായി തകര്‍പ്പന്‍ ബൗളിംഗ് ഫോം തുടരുന്ന മുഹമ്മദ് സിറാജ് ആണ് എസ് ആര്‍ എച്ചിനെ പിടിച്ചുകെട്ടിയത്. 34 പന്തുകള്‍ നേരിട്ട് വെറും 31 റണ്‍സ് മാത്രം നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 8(5) അഭിഷേക് ശര്‍മ്മ 18(16) സഖ്യം ഇന്നും മികച്ച തുടക്കം നല്‍കാതെ മടങ്ങി. സീസണിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ 17(14) വീണ്ടും നിറം മങ്ങുന്ന പ്രകടനവുമായി മടങ്ങി. ഹെയ്ന്റിച്ച് ക്ലാസന്‍ 27(19), അനികേത് വര്‍മ്മ 18(14) കാമിന്ദു മെന്‍ഡിസ് 1(5) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 22*(9), മുഹമ്മദ് ഷമി 6*(2) എന്നിവര്‍ പുറത്താകാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |