മോദി സർക്കാരിന് രൂക്ഷ വിമർശനം
അഹമ്മദാബാദ്: മോദി സർക്കാർ രാജ്യത്തോട് അനീതി കാണിക്കുകയാണെന്നും നീതിയുടെ വഴി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്നും കോൺഗ്രസ് രാഷ്ട്രീയ പ്രമേയം. പോരാട്ടത്തിന്റെ പാതയിലൂടെ സഞ്ചരിച്ച് പ്രതീക്ഷയുടെ ഭാവി കെട്ടിപ്പടുക്കും. ഗുജറാത്ത് തിരിച്ചുപിടിക്കാൻ ഉന്നമിട്ട് പ്രത്യേക പ്രമേയവും എ.ഐ.സി.സി സമ്മേളനം പാസാക്കി.
തൊഴിലില്ലായ്‌മ, സാമ്പത്തിക അസമത്വം, വിദ്വേഷപരമായ ധ്രുവീകരണം, സർക്കാർ സ്‌പോൺസേഡ് ക്രൂരതകൾ എന്നിവ അടിച്ചേൽപ്പിക്കുകയാണ്. ഭരണഘടന പോലും ആക്രമിക്കപ്പെടുന്നു. എങ്ങനെയും അധികാരം നിലനിറുത്തുകയെന്ന ആഗ്രഹം മാത്രമാണ് മോദി സർക്കാരിനെ നയിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്രാധികാരം ഇല്ലാതാക്കുന്നു. ജുഡിഷ്യറിയും ആക്രമിക്കപ്പെടുന്നു. വഖഫ് ബിൽ, മണിപ്പൂർ, ദേശീയ വിദ്യാഭ്യാസ നയം, കാശ്മീർ എന്നിവയിലും കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന പ്രമേയം ജാതി സെൻസസ് അനിവാര്യമെന്നും പറയുന്നു.
ഡി.സി.സികൾക്ക്
കൂടുതൽ അധികാരം
ഡി.സി.സികളെ ശക്തിപ്പെടുത്താൻ കൃത്യമായ മാർഗരേഖയും പ്രവർത്തന പദ്ധതിയും തയ്യാറാക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡി.സി.സികൾക്കു പുതിയ അധികാരങ്ങളും ഉത്തരവാദിത്വങ്ങളുമുണ്ടാകും. ഖാർഗെയും രാഹുലും ഓരോ സംസ്ഥാനവും സന്ദർശിച്ച് ഒരു ദിവസം നിണ്ടുനിൽക്കുന്ന ശില്പശാല സംഘടിപ്പിക്കും. ഈമാസം 15ന് ഗുജറാത്തിൽ യോഗം ആരംഭിക്കും. 28ന് രാജസ്ഥാനിൽ യോഗം നടത്തും. ബ്ലോക്ക്, വില്ലേജ്, ബൂത്ത് ലെവൽ കമ്മിറ്റികൾ ശക്തിപ്പെടുത്തുന്നതിലും ചർച്ച നടന്നെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |