സർവകലാശാല ഫണ്ടിൽ നിന്നും മാത്രം ചിലവിട്ടത് 30 ലക്ഷത്തോളം
കണ്ണൂർ:കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കേസിൽ ചെലവായ തുക തിരിച്ചടച്ചെന്ന സർവകലാശാലയുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം .കേസിൽ സർക്കാരും സർവ്വകലാശാലയും ചിലവാക്കിയത് 68 ലക്ഷത്തോളം രൂപയാണെന്ന് മന്ത്രി ബിന്ദു 2024 ജൂൺ മാസത്തിൽ നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഫോറം ആരോപിച്ചു.
30 ലക്ഷത്തോളം രൂപ സർവകലാശാലയും 38 ലക്ഷത്തോളം രൂപ സർക്കാരും ചെലവഴിച്ചു എന്ന് രേഖകളിൽ നിന്നും സ്പഷ്ടവുമാണെന്ന് സെനറ്റേഴ്സ് ഫോറം ആരോപിച്ചു. എന്നാൽ വെറും നാല് ലക്ഷം രൂപ ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചതിലൂടെ ചിലവായ മുഴുവൻ തുകയും തിരിച്ചടച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ സർവകലാശാല ഉപയോഗപ്പെടുത്തുന്നുവെന്ന് യു.ഡി.എഫ് സെനറ്റംഗങ്ങൾ ആരോപിക്കുന്നു.
കെ.ടി.യു.വി.സി. കേസുമായി ബന്ധപ്പെട്ട് ചാൻസിലർ ആയ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നേരിടാൻ ഹൈക്കോടതിയെ സമീപിച്ച ഇനത്തിൽ ചിലവായ തുക മാത്രമാണ് നാലു ലക്ഷം. അദ്ദേഹത്തിന്റെ പുനർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ചിലവാക്കിയ തുക പൂർണ്ണമായും തിരിച്ചടച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് സർവകലാശാല.സർക്കാരും സർവകലാശാലയും പ്രസ്തുത കേസിൽ ചെലവാക്കിയ തുക പൂർണമായും ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സെനറ്റേഴ്സ് ഫോറം കൺവീനർ ഡോ.ഷിനോ പി ജോസ് മുന്നറിയിപ്പ് നൽകി.
ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങളായ ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ഷിനോ പി.ജോസ് എന്നിവർ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് 2023 ഒക്ടോബറിലാണ് വൈസ് ചാൻസലർ പുനർനിയമനം അസാധുവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |