ഇരിട്ടി(കണ്ണൂർ): ഉളിക്കൽ ടൗണിൽ താഴിട്ട് പൂട്ടിയ വസ്ത്രാലയത്തിലെ ചില്ലുകൂട്ടിൽ അബദ്ധത്തിൽ പെട്ടുപോയ അടയ്ക്കാകുരുവിക്ക് ജില്ലാ ഭരണകൂടവും കോടതിയും നേരിട്ടിടപെട്ട് ജീവൻ തിരിച്ചുനൽകി. രണ്ടു ദിവസമായി കുരുങ്ങിക്കിടക്കുകയായിരുന്നു കുരുവി. ഇക്കാര്യം മാദ്ധ്യമങ്ങളിൽ നിന്ന് അറിഞ്ഞതിനുപിന്നാലെ കട തുറക്കാൻ ജില്ലാ കളക്ടർ അരുൺ പി. വിജയൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
വസ്ത്രാലയം കോടതി ഉത്തരവിനെത്തുടർന്ന് പൂട്ടിച്ചതാണ്. ജില്ലാ ജഡ്ജി നിസാർ അഹമ്മദ് തലശ്ശേരിയിൽ നിന്ന് ഉളിക്കലിലേക്ക് എത്തുകയും ചെയ്തതോടെ കുരുവിക്ക് പുതുജന്മം കിട്ടുകയായിരുന്നു. പുറത്തെത്തിയ കുരുവി നന്ദിയെന്നോണം ഒന്നു വട്ടംചുറ്റിയ ശേഷം പറന്നകന്നു.
പുറത്തുകടക്കാൻ മാർഗം കാണാതെ കഷ്ടപ്പെടുന്ന കുരുവിയെ കണ്ട നാട്ടുകാർ നൂലിലൂടെ ഭക്ഷണവും വെള്ളവും നൽകി ജീവൻ കാത്തിരുന്നു. വനം വകുപ്പിനെയും ഫയർ ഫോഴ്സിനെയും അറിയിച്ചെങ്കിലും കേസ് നടക്കുന്നതിനാൽ ഇടപെട്ടില്ല. ഇതേ കാരണത്താൽ കെട്ടിട ഉടമയും മാറിനിന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന ഗ്ളാസ് പാളികൾ പൊളിക്കാൻ നാട്ടുകാരും മടിച്ചു.
വ്യാപാരികൾ തമ്മിലുള്ള തർക്കം കേസായപ്പോഴാണ് ഹൈക്കോടതി നിർദ്ദേശത്തിൽ ആറുമാസം മുൻപ് തുണിക്കട പൂട്ടി സീൽ ചെയ്തത്.
ജീവൻ വിലപ്പെട്ടതാണ്. നിയമസംവിധാനങ്ങളെല്ലാം അതിനാണ് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. തർക്കത്തിന്റെ പേരിൽ ഒരു ജീവൻ നഷ്ടപ്പെടുന്നത് പൊറുക്കാവുന്ന ഒന്നല്ല. ഹൈക്കോടതിയെ വിവരം ധരിപ്പിച്ച ശേഷമാണ് ഉളിക്കൽ ടൗണിൽ എത്തിയത്
- നിസാർ അഹമ്മദ് ( ജില്ലാ ജഡ്ജി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |