കണ്ണൂർ: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിലൊരാളായ ഷാജി എൻ.കരുണിന്റെ സൗഹദം ഓർത്തെടുക്കുകയാണ് കണ്ണൂർ സ്വദേശിയും കർണാടക മലയാളിയുമായ കെ.പി.ശ്രീശൻ. തന്നെ ഏറെ സ്വാധീനിച്ച ഒരു നല്ല സുഹൃത്തായിരുന്നു ഷാജി എൻ കരുണെന്നും പല സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ചാണ് അദ്ദേഹം യാത്രയായതെന്നും ശ്രീശൻ അനുസ്മരിച്ചു. കണ്ണൂർ വേവ്സ് എന്ന സാംസ്‌കാരിക സംഘടനയുടെ രക്ഷാധികാരി എന്ന നിലയിലും ഷാജി എൻ.കരുണിന് കണ്ണൂരുമായി ആത്മബന്ധമുണ്ടായിരുന്നുവെന്ന് ശ്രീശൻ പറഞ്ഞു.
ഷാജി എൻ.കരുൺ ഓർമ്മയായി മാറുമ്പോഴും അദ്ദേഹം വെള്ളിത്തിരയിൽ അനശ്വരമാക്കിയ പിറവിയും എ.കെ.ജി.യുടെ ജീവിതവും കാലാതീതമായ കാഴ്ചാനുഭവങ്ങളായി പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞുനിൽക്കുമെന്നും ശ്രീശൻ പറഞ്ഞു. കഥയുടെ കുലപതിയും കണ്ണൂരുകാരനുമായ ടി.പത്മനാഭന്റെ കടൽ എന്ന ചെറുകഥ സിനിമയാക്കാൻ ഷാജി കരുണിന് വലിയ ആഗ്രഹമുണ്ടായിരുന്നു. ടി.പത്മനാഭൻ അതിന് അനുമതി നൽകുകയും കഥാ ചർച്ചകളും ലൊക്കേഷനുകളും തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ ആ സ്വപ്നം വെള്ളിത്തിരയിൽ യാഥാർത്ഥ്യമായില്ല.
ഷാജി എൻ. കരുൺ കണ്ണൂരിന് സമ്മാനിച്ച മറ്റൊരു അനശ്വര ദൃശ്യാനുഭവമാണ് എ.കെ.ജി.യെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിം. എ.കെ.ജി.യുടെ ജന്മനാടായ പെരളശ്ശേരി മുതൽ കാസർകോട് ജില്ലയിലെ കയ്യൂർ വരെ ഈ സിനിമയുടെ ചിത്രീകരണം നീണ്ടുനിന്നു. പാവങ്ങളുടെ പടത്തലവനായ എ.കെ.ജി.യുടെ സമരജീവിതം ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ട് തന്നെ ഷാജി എൻ.കരുണിന് സെല്ലുലോയ്ഡിൽ പകർത്താൻ കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം തുടങ്ങിയത് മുതൽ കണ്ണൂരിലെ ജനങ്ങൾ ആ ചിത്രം ഏറ്റെടുത്തിരുന്നുവെന്നും ശ്രീശൻ പറഞ്ഞു. അതിനുശേഷവും ഷാജി എൻ.കരുൺ പലപ്പോഴും കണ്ണൂരിൽ വന്നുപോയിരുന്നു. ആ സമയങ്ങളിലും മംഗലാപുരത്തും കുന്ദാപുരത്തും എത്തിയ ഘട്ടങ്ങളിലും ആ സൗഹദവും സ്‌നേഹവും അനുഭവിച്ചതും ശ്രീശൻ ഓർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |