തിരുവനന്തപുരം: വയറിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയിലുണ്ടായ പിഴവിനെത്തുടർന്ന് സോഫ്ട് വെയർ എൻജിനിയർ എം.എസ് നീതുവിന് കൈ,കാൽ വിരലുകൾ നഷ്ടപ്പെട്ട സംഭവത്തിൽ ഡി.ജി.പിയെ നേരിൽക്കണ്ട് പരാതി നൽകി കുടുംബം. നീതുവിന്റെ അച്ഛൻ കെ.കെ.ശശിധരനും ഭർത്താവിന്റെ അച്ഛൻ പത്മകുമാറുമാണ് ഡി.ജി.പിയെ കണ്ടത്. ജില്ലാതല മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയാൽ നീതി ലഭിക്കില്ലെന്നും കുടുംബാംഗങ്ങൾ ഡി.ജി.പിയെ ബോധിപ്പിച്ചു. അതേസമയം സംസ്ഥാനതല മെഡിക്കൽ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് കൂടി ലഭിച്ചശേഷമാകും ഹൈക്കോടതിയെ സമീപിക്കുകയെന്ന് നീതുവിന്റെ ഭർത്താവ് പത്മജിത്ത് പറഞ്ഞു. ജില്ലാതല മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരെ എത്തിക്സ് കമ്മിറ്റി അംഗമായ പബ്ലിക്ക് പ്രോസിക്യൂട്ടർ നിലപാടെടുത്തതോടെ വിഷയം ഉടൻ സംസ്ഥാനതല കമ്മിറ്റിക്ക് മുന്നിലെത്തും.ആരോഗ്യവകുപ്പ് ഡയറക്ടർ,അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരും, ഇവർ നിശ്ചയിക്കുന്ന ഫോറൻസിക് സർജനും ഉൾപ്പെടുന്ന സംസ്ഥാനതല എത്തിക്‌സ് കമ്മിറ്റി വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യപ്പെട്ടിട്ടും കൃത്യസമയത്ത് ചികിത്സ നൽകാത്തത് മെഡിക്കൽ അശ്രദ്ധയാണെന്നും ഇക്കാര്യം റിപ്പോർട്ടിൽ വ്യക്തമല്ലെന്നും പത്മജിത്ത് പറഞ്ഞു. അതേസമയം ആരോപണവിധേയരായ കുളത്തൂരിലെ കോസ്മെറ്റിക്ക് ക്ലിനിക്കിലെ ഡോക്ടർമാർ,നഴ്സുമാർ മറ്റുജീവനക്കാർ എന്നിവരുടെ വിശദമായ മൊഴിയെടുക്കും. ഇന്ന് ഡോക്ടർമാരോടും നാളെ നഴ്സുമാരോടും ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം യുവതിയെ ചികിത്സിക്കുന്ന അനന്തപുരി ആശുപത്രിയിലെ ഡോക്ടറുടെയും മൊഴിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |