ബംഗളൂരു: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെതിരെ കർണാടക കോൺഗ്രസ് എംഎൽഎ കോതൂർ ജി മഞ്ജുനാഥ്. ഓപ്പറേഷൻ സിന്ദൂറിലൂടെ എന്താണ് ഉണ്ടായത്, എല്ലാം വെറും ഷോ ഓഫ് മാത്രമായിരുന്നു എന്നായിരുന്നു എംഎൽഎയുടെ പരാമർശം.
'ഒന്നും നടന്നിട്ടില്ല. ഷോ ഓഫ് കാണിക്കാൻ നാല് വിമാനം അങ്ങോട്ടും ഇങ്ങോട്ടും പോയിവന്നു. പഹൽഗാമിൽ കൊല്ലപ്പെട്ട 26 മനുഷ്യർക്ക് പകരമാകുമോ അത്? കൊല്ലപ്പെട്ടവരുടെ വിധവകൾക്ക് നമ്മൾ ഇങ്ങനെയാണോ പരിഹാരം നൽകുക? ഇതാണോ അവരോട് ബഹുമാനം കാണിക്കേണ്ട രീതി. പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികൾ എവിടെ? ഓപ്പറേഷനിൽ 100 തീവ്രവാദികളെ കൊലപ്പെടുത്തിയെന്ന് സർക്കാരിന് സ്ഥിരീകരിക്കാനായോ?
നുഴഞ്ഞുകയറി വന്ന് ആക്രമണം നടത്തിയ ഭീകരർ ആരാണ്? എന്തുകൊണ്ട് അതിർത്തിയിൽ സുരക്ഷ ഇല്ലാതിരുന്നു? എങ്ങനെയാണ് തീവ്രവാദികൾ രക്ഷപ്പെട്ടത്. നമ്മൾ തീവ്രവാദത്തിന്റെ അടിവേരടക്കം പിഴുതെറിഞ്ഞ് അവരെ ഇല്ലാതാക്കണം. പഹൽഗാമിലേത് ഇന്റലിജൻസിന്റെ പരാജയമായിരുന്നു. പാകിസ്ഥാനിലെ ഏത് ഭീകരവാദ ക്യാമ്പുകളാണ് ഇന്ത്യ തകർത്തത്? പല ചാനലുകളും പലതാണ് പറയുന്നത്. ആരൊക്കെയാണ് മരിച്ചത്? ഇതിൽ ഔദ്യോഗിക സ്ഥിരീകരണമെവിടെ. എല്ലാതരം യുദ്ധത്തിനും ഞാൻ എതിരാണ്. ഇങ്ങനെയല്ല പരിഹാരം കാണേണ്ടത് ', എന്നാണ് മഞ്ജുനാഥ് പറഞ്ഞത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തുവെന്നും 100 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും സംയുക്ത വാർത്താ സമ്മേളനത്തിലൂടെ സേനാ തലവന്മാർ അറിയിച്ചിരുന്നു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് എന്നീ കൊടുംഭീകരരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു. ആക്രമണം നടത്തിയതിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |