ആലപ്പുഴ: പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി ജി.സുധാകരനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നാണ് നടപടി. സുധാകരനെതിരെ നടപടിയെടുക്കാൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടറോട് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടിംഗ് രഹസ്യാത്മകത ലംഘിക്കുക, ബൂത്തു പിടിത്തം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി മൂന്നുമുതൽ ഏഴു വർഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.
അതേസമയം, 36 വർഷം മുമ്പ് നടന്ന സംഭവമായതിനാൽ തെളിവു ശേഖരണമാണ് പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി. ജി.സുധാകരൻ പരാമർശിച്ച തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.വി.ദേവദാസ്, അന്ന് ജില്ലാകമ്മിറ്റി ഓഫീസിൽ ഒപ്പമുണ്ടായിരുന്നവർ എന്നിവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തും. സംഭവം സംബന്ധിച്ച് കൃത്യമായ തെളിവ് ലഭിച്ചാൽ മാത്രമേ കേസ് നിലനിൽക്കൂ.
താൻ അല്പം ഭാവന കലർത്തിപ്പറഞ്ഞതാണെന്ന് വ്യക്തമാക്കി കഴിഞ്ഞദിവസം ജി.സുധാകരൻ വിവാദ പരാമർശം തിരുത്തിയിരുന്നു. അമ്പലപ്പുഴ തഹസിൽദാർക്ക് നൽകിയ മൊഴിയിലും സുധാകരൻ പരാമർശം തിരുത്തിയിരുന്നു. താൻ മത്സരിച്ച തിരഞ്ഞെടുപ്പിൽ ബാലറ്റ് തിരുത്തൽ ഉണ്ടായിട്ടില്ലെന്ന് കെ.വി.ദേവദാസും വ്യക്തമാക്കി.
''കൃത്യമായ തെളിവുകൾ ലഭിക്കാതെ ജി.സുധാകരനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിയിൽ വീഴ്ചയുണ്ട്
-ആർ.നാസർ, സി.പി.എം
ജില്ലാ സെക്രട്ടറി
ജി.സുധാകരന്റെ വിവാദ പ്രസംഗം:
പറഞ്ഞവർ തന്നെ നിയമ നടപടി
നേരിടണമെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: മുതിർന്ന നേതാവ് ജി.സുധാകരന്റെ വിവാദ പ്രസ്താവനയിൽ പൊലീസ് കേസെടുത്തതിനെ കുറിച്ച് പാർട്ടിക്ക് ഒന്നും പറയാനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പറഞ്ഞവർ തന്നെ നിയമനടപടികൾ നേരിടണം. കേസ് കേസിന്റെ രീതിയിൽ കൈകാര്യം ചെയ്യണം. നിയമനടപടികൾക്ക് ജി.സുധാകരന് പാർട്ടി പിന്തുണ നൽകുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നിയമനടപടികൾക്ക് എന്തിനാണ് പാർട്ടി പിന്തുണ നൽകുകയെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ തിരുത്തിയിട്ടുണ്ടെന്ന പ്രസ്താവന
ജി.സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ പാർട്ടിക്ക് ഒന്നും പറയാനില്ല. സുധാകരനെപ്പോലുള്ള നേതാക്കൾ കാര്യങ്ങൾ പറയുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. ജനാധിപത്യം അട്ടിമറിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ല. ഒരു അട്ടിമറി പ്രവർത്തനത്തിനും സി.പി.എം അന്നുമില്ല, ഇന്നുമില്ല, നാളെയും ഉണ്ടാകില്ല.
റാപ്പർ വേടനെതിരേയും കേണൽ സോഫിയ ഖുറേഷിക്കെതിരേയും ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ നടത്തിയ പരാമർശങ്ങൾ അപലപനീയമാണ്. വേടന്റെ പാട്ടുകൾ കലാ ആഭാസമെന്ന് ആർ.എസ്.എസ് നേതാവ് എൻ.ആർ.മധു പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. സംഘപരിവാർ പിന്തുടരുന്ന ന്യൂനപക്ഷ-ദളിത് വിരോധത്തിന്റെ സൂചനകളാണ് ഈ പരാമർശങ്ങൾ. സോഫിയ ഖുറേഷി ഭീകവാദികളുടെ സഹോദരിയെന്ന പരാമർശം ആത്മഹത്യാപരമാണ്. വർഗീയ അധിക്ഷേപം നടത്തിയ മന്ത്രിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി വ്യക്തമാക്കണം.
യുവ അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതിയായ ബെയ്ലിൻ ദാസ് ഇടതുപക്ഷക്കാരനല്ല. പ്രതിക്ക് ഇടതുബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്. ജനീഷ് കുമാർ എം.എൽ.എയുമായി ബന്ധപ്പെട്ട വനംവകുപ്പ് വിവാദത്തെ കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ല. എന്നാൽ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |