പാലക്കാട്: കത്തോലിക്ക കോൺഗ്രസ് അന്തർദേശീയ സമ്മേളനത്തിന് പാലക്കാട്ട് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി പാലയൂർ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രയാണവും താമരശേരി കത്തീഡ്രൽ ദേവാലയത്തിൽ നിന്നും കത്തോലിക്ക കോൺഗ്രസിന്റെ പതാക വഹിച്ചുകൊണ്ടുള്ള വിളംബര ജാഥയും പാലക്കാട് കത്തീഡ്രൽ സ്‌ക്വയറിലെ മാർ ജോസഫ് ഇരുമ്പൻ നഗറിൽ എത്തിച്ചേർന്നു. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, സെക്രട്ടറി ഡോ. ജോസുകുട്ടി ജെ.ഒഴുകയിൽ, രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി. തുടർന്ന് പ്രദക്ഷിണമായി കൊടിമരത്തിന് സമീപമെത്തി.
പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തുകയും ഛായാചിത്രം പ്രതിഷ്ഠിക്കുകയും ചെയ്തു. പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത വികാരി ജനറൽ മോൺ. ജിജോ ചാലയ്ക്കൽ, കത്തീഡ്രൽ ചർച്ച് വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, ഡോ. ജോസുകുട്ടി ജെ.ഒഴുകയിൽ, ടോണി പൂഞ്ചംകുന്നേൽ, രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഫാ. സബിൻ തൂമുള്ളിൽ, രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ, ജോസ് മുക്കട, ജോർജ് കോയിക്കൽ എന്നിവർ സംസാരിച്ചു.
തുടർന്ന് വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് ചേർന്നു. ഇന്ന് ഉച്ചയ്ക്ക് 2.30ന് കോട്ടമൈതാനത്തു നിന്ന് കത്തീഡ്രൽ സ്‌ക്വയറിലേക്ക് റാലിയും തുടർന്ന് പൊതുസമ്മേളനവും നടക്കും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ. റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |