കൊച്ചി: കാസർകോട് മഞ്ചേശ്വരം കുമ്പളയിൽ ദേശീയപാതാ അതോറിറ്റിയുടെ ടോൾ ബൂത്ത് നിർമ്മാണം തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 20 കിലോമീറ്റർ മാത്രം മാറി തലപ്പാടിയിൽ മറ്റൊരു ടോൾ പിരിവ് കേന്ദ്രം പ്രവർത്തിക്കുമ്പോൾ കുമ്പളയിലേത് നിയമവിരുദ്ധമാണെന്ന് ആരോപിക്കുന്ന ഹർജിയിലാണ്
ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. ഒരു മാസത്തേക്ക് നിർമ്മാണം നിറുത്തിവയ്‌ക്കാനും തൽസ്ഥിതി തുടരാനുമാണ് നിർദ്ദേശം. ആക്ഷൻ കൗൺസിലിന് വേണ്ടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, അഡ്വ. സജിൽ ഇബ്രാഹിം മുഖേന നൽകിയ ഹർജിയിലാണ് നടപടി.
ടോൾ പ്ലാസകൾ തമ്മിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരം വേണമെന്ന ദേശീയപാതാ ചട്ടത്തിലെ വ്യവസ്ഥ പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. എതിർകക്ഷികളായ ദേശീയപാത പ്രോജക്ട് ഡയറക്ടർ, ജില്ലാ കളക്ടർ, കരാറുകാരായ ഊരാളുങ്കൽ സഹ. സംഘം, ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി എന്നിവർക്ക് നോട്ടീസിന് ഉത്തരവായി. ഹർജി വീണ്ടും ജൂൺ 26ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |