കോട്ടയം : മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ കെ.എസ്.ഇ.ബിയ്‌ക്ക് നഷ്ടം 7.9 കോടി. കോട്ടയം, പാലാ സർക്കിളുകളിലായാണിത്. കോട്ടയത്തെ 31 സെക്ഷനുകളിലായി വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞ് 2.90 കോടിയുടെ നഷ്ടമാണുണ്ടായത്. 102 ഹൈടെൻഷൻ പോസ്റ്റുകളും, 396 ലോടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു.
പാലായിലെ 21 ഇലക്ട്രിക്കൽ സെക്ഷനുകളിലായി അഞ്ചുകോടി രൂപയുടെ നഷ്ടം. അഞ്ച് ട്രാൻസ്‌ഫോമറുകൾ തകർന്നു. 70 ഹൈടെൻഷൻ പോസ്റ്റുകളും, അഞ്ഞൂറിലധികം ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. 11 കെ.വി. ലൈനുകൾ ഉൾപ്പെടെ 1700 സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടി. കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നത് മുൻ കാലത്തെക്കാൾ കൂടുതലായിരുന്നു. 2018ലെ പ്രളയത്തെത്തുടർന്ന് കുമരകം, തിരുവാർപ്പ്, വെച്ചൂർ, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുണ്ടായിരുന്ന ട്രാൻസ്‌ഫോമറുകൾ വെള്ളം കയറാത്ത ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയും ഉയരം കൂട്ടിയതിനാലും വെള്ളം കയറിയില്ല.
കർമ്മനിരതരായി ഉദ്യോഗസ്ഥർ
തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനായി 24 മണിക്കൂറും കർമ്മനിരതരായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജീവനക്കാരും. ഹൈടെൻഷൻ ലൈനുകളിലേക്ക് ചാഞ്ഞുനിന്ന ചില്ലകൾ പൂർണ്ണമായും വെട്ടി മാറ്റിയെങ്കിലും ഏതാനും ചില ഭാഗങ്ങളിൽ ലോ ടെൻഷൻ ലൈനിലെ ടച്ചിംഗ് വെട്ട് പൂർത്തിയാക്കാനായില്ല. മഴയ്ക്ക് മുൻപായി നടത്തുന്ന പരിശോധനകളും മെയിന്റനൻസ് ജോലികളും പൂർത്തിയാക്കി. നഗരപ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഏരിയൽ ബഞ്ച്ഡ് കേബിളുകൾ (എ.ബി.സി) വഴിയാക്കിയതിനാൽ വൈദ്യുതി തടസം വലിയൊരളവുവരെ ഒഴിവാക്കാനായി.
''വൻതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങളിലൊഴികെ 24 മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായി.
(ദിലീഷ് രാജൻ, പാലാ സർക്കിൾ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ)
കൺട്രോൾ റൂമുകൾ
അടിയന്തര സന്ദേശങ്ങൾ നൽകുന്നതിനായും പരാതികൾ അറിയിക്കുന്നതിനായും പാലാ, കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഓഫീസുകളിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്.എം.എസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് www.kseb.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാം. 9496008230 (പാലാ), 9496008063 (കോട്ടയം), 9496010101 (എമർജൻസി), 1912 (ടോൾ ഫ്രീ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |