ഹരിപ്പാട് : മഴക്കെടുതിയെ തുടർന്ന് കാർത്തികപ്പള്ളി താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മരം വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതോടെ രണ്ട് ദിവസമായി പല പ്രദേശങ്ങളും ഇരുട്ടിലാണ്. കുമാരപുരം പഞ്ചായത്തിൽ ഒന്നും തൃക്കുന്നപ്പുഴ പഞ്ചായത്തിൽ രണ്ടും വീയപുരം പഞ്ചായത്തിൽ രണ്ടും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ആറാട്ടുപുഴ - തൃക്കുന്നപ്പുഴ ഭാഗങ്ങളിൽ കടൽക്ഷോഭവും അതിരൂക്ഷമാണ്. വാഹനഗതാഗതവും തടസ്സപ്പെട്ടു. കടലാക്രമണത്തെ തുടർന്ന് തൃക്കുന്നപ്പുഴയിൽ കാട്ടിൽ മാർക്കറ്റ് ആത്മ വിദ്യാ സംഘം ഗവ.എൽ.പി.എസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് 28 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പല്ലന എം.കെ.എ.എം എച്ച്.എസ്.എസിൽ ആരംഭിച്ച ക്യാമ്പിൽ 42 കുടുംബങ്ങളുണ്ട്.
കുമാരപുരം വില്ലേജിലെ ഏഴാം വാർഡിലെ രണ്ട് കുടുംബങ്ങളെ ആയാപറമ്പിലെ സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റി പാർപ്പിച്ചു.ശക്തമായ കാറ്റിലും മഴയിലും പത്തിയൂർക്കാല പുന്നൂർ ശശിധരൻ പിള്ളയുടെ വീടിൻ്റെ മേൽക്കൂരക്ക് നാശ നഷ്ടം സംഭവിച്ചു. പത്തിയൂർ പടിഞ്ഞാറ് കുറ്റിക്കാട്ട് തെക്കതിൽ ആശാറാണിയുടെ വീടിൻ്റെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു പോയി. കരുവാറ്റ 15ാം വാർഡിൽ വെള്ളം കയറിയതിനെ തുടർന്ന് 3 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കരുവാറ്റ മാധവ മന്ദിരത്തിൽ ജാനമ്മയുടെ വീടിന് മുകളിലും കരുവാറ്റ ആഞ്ഞിലിമൂട്ടിൽ സോമന്റെ വീടിന് മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി. പെരുങ്ങാല പാക്കുതറ വടക്കതിൽ നിയാസിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് ഭാഗിക നാശമുണ്ടായി. വീയപുരം, കരുവാറ്റ, പള്ളിപ്പാട്, കുമാരപുരം ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാകുന്നതോടെ കൂടുതൽ വീടുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |