കാളികാവ്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നിക്കൂട്ടങ്ങളെ വെടിവെച്ചു കൊല്ലാൻ ഒരു വർഷത്തേക്ക് കൂടി അനുമതി. ഈ മാസം 25ന് കാലാവധി തീർന്ന അനുമതി ഉത്തരവ് ഒരു വർഷത്തേക്കു കൂടിയാണ് സർക്കാർ നീട്ടിയിട്ടുള്ളത്. ഇതുപ്രകാരം സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഉപാധികളോടെ പന്നികൂട്ടങ്ങളെ കൊന്നൊടുക്കാൻ അനുമതി നൽകി. നേരത്തെ കർഷകർ സ്വന്തം നിലയിൽ ചെലവ് വഹിച്ചാണ് സർക്കാർ ഉത്തരവ് പ്രകാരം പന്നികളെ കൊന്ന് നശിപ്പിച്ചിരുന്നത്. എന്നാൽ ഈ വർഷം മുതൽ ഒരു പന്നിയെ വെടി വെക്കാൻ ആയിരം രൂപയും സംസ്‌കരിക്കാൻ ആയിരത്തി അഞ്ഞൂറ് രൂപയും പഞ്ചായത്തുകൾക്ക് ചെലവഴിക്കാം. എന്നാൽ ഇതനുസരിച്ച് പ്രവർത്തിക്കാൻ ചില പഞ്ചായത്തുകൾ വിമുഖത കാണിക്കുന്നതായും കർഷകർക്ക് പരാതിയുണ്ട്. പന്നിക്കൂട്ടം ഭീഷണിയായ സ്ഥലത്ത് വെടിവെക്കണമെങ്കിൽ പഞ്ചായത്തിൽ അപേക്ഷ നൽകണം. എന്നാൽ ഈ അപേക്ഷ യഥാസമയം പരിശോധിക്കപ്പെടാത്തതാണ് പരാതിക്കു കാരണം. ഇതു കാരണം കഴിഞ്ഞ വർഷം പല പഞ്ചായത്തുകളിലും പന്നിവേട്ട നടന്നിട്ടില്ല. ഇതുകാരണം അത്തരം സ്ഥലങ്ങളിൽ പന്നിക്കൂട്ടങ്ങൾ ക്രമാതീതമായി വർദ്ധിക്കാനിടയായി. കിഴക്കൻ മലയോര മേഖലയിൽ പന്നിയാക്രമണത്തിൽ മരണപ്പെട്ടവരും കിടപ്പിലാവരും ഒട്ടേറെയുണ്ട്. പന്നിശല്യം കാരണംകൃഷി പാടെ ഉപേക്ഷിച്ച കർഷകർക്ക് കണക്കില്ല. സർക്കാർ ഉത്തരവ് അനുസരിച്ച് വെടിവെക്കാനുള്ള അനുമതിയും സംസ്‌കരണ ചെലവും വേഗത്തിൽ ലഭ്യമാക്കണമെന്ന് കർഷകർ പറയുന്നു. പന്നികളെ വെടിവെക്കാൻ അനുമതി നൽകുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചാലും വെടി വെക്കണമെങ്കിൽ കടമ്പകൾ പിന്നെയും കടക്കണം. വനംവകുപ്പിന്റെ അംഗീകാരമുള്ളതും പരിശീലനം നേടിയവരുമായ എം പാനൽ ലിസ്റ്റിൽ പെട്ട ഷൂട്ടർമാർക്ക് മാത്രമെ വെടിവെക്കാൻ അനുമതിയുള്ളു. വന്യമൃഗങ്ങൾ കാടിറങ്ങി വീട്ടുമുറ്റത്ത് എത്തി മനുഷ്യ ജീവൻ കവർന്നിട്ടും പരമ്പരാഗത തോക്ക് ലൈസൻസുകൾ അധികൃതർ പുതുക്കിക്കൊടുക്കാത്തതിലും കർഷകർക്ക് പ്രതിഷേധമുണ്ട്.
കൃഷിയിടങ്ങൾ നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങൾ പ്രദേശത്ത് വ്യാപകമാണ്. സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. പഞ്ചായത്തുകൾ വന്യമൃഗശല്യത്തിനെതിരെ ശക്തമായ നടപടികളെടുക്കണം.
കർഷകർ
വെടിവെക്കാൻ 1000
രൂപ
സംസ്‌കരിക്കാൻ
1500 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |