കൊച്ചി: തങ്കമ്മ അമ്മച്ചി ധർമ്മസങ്കടത്തിലാണ്! ഇന്ന് ബി.കോമിന്റെ മൂന്നാം സെമസ്റ്റർ ആരംഭിക്കുമ്പോൾ കോളേജിൽ പോകാനാവത്തതും ക്ലാസ് നഷ്ടമാകുന്നതുമാണ് കാരണം. എന്നാൽ,ആകെയുള്ള വരുമാന മാർഗമായ തൊഴിലുറപ്പ് പണി ഉപേക്ഷിക്കാതിരിക്കാനും വയ്യ.
കഴിഞ്ഞ രണ്ട് സെമസ്റ്ററിലും 95ശതമാനം ഹാജരോടെ ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയത്തിനും മികച്ച വിജയം നേടിയ ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'മിടുക്കി"യാണ് 75കാരിയായ പി.എം. തങ്കമ്മ. ഇത്തവണയും ആ മികവ് നിലനിറുത്താനായിരുന്നു പദ്ധതി. എന്നാൽ,തൊഴിലുറപ്പ് പണി ജൂൺ ആദ്യവാരം തുടങ്ങുമെന്നതിനാൽ പണിയ്ക്ക് പോകാനായി ക്ലാസ് ടീച്ചറുടെ അനുമതിയോടെ രണ്ടാഴ്ചത്തെ അവധിയെടുക്കുകയായിരുന്നു. തൊഴിലുറപ്പിന് പോയില്ലെങ്കിൽ മസ്റ്റർ റോളിലെ പേര് പോകും.
കൂത്താട്ടുകുളം ആലാപുരം എഴുകാമലയിൽ തങ്കമ്മ സാക്ഷരതാമിഷന്റെ പത്താംതരം,ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾ വിജയിച്ചാണ് കഴിഞ്ഞവർഷം ബി.കോമിന് ചേർന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശന മാനദണ്ഡങ്ങളിൽ ഇതിനായി പ്രത്യേക ഇളവും അനുവദിച്ചു. കോഴ്സ് ഫീസും ബസ് യാത്രാ ചെലവും കോളേജ് സ്പോൺസർ ചെയ്തു. പുസ്തകങ്ങൾ ആലപുരം ക്ഷേത്രസമിതി വക. അതേസമയം,ടീച്ചർമാരുൾപ്പെടെ കോളേജിൽ സർവരുടേയുമിടയിൽ തങ്കമ്മ അമ്മച്ചിയാണ് തങ്കമ്മ.
2020 മുതൽ അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വോളന്റിയർ എന്ന നിലയിൽ സന്നദ്ധസേവനത്തിനും തങ്കമ്മ മുൻനിരയിലുണ്ട്. തൃശൂർ പൊലീസ് അക്കാഡമിയിൽ നടന്ന പരിശീലനത്തിലും പങ്കെടുത്തു.
പതിനൊന്ന് പേരിലെ മിടുക്കി
വാർദ്ധക്യത്തിലെ ഡിഗ്രി പഠനത്തിൽ ആശങ്കപ്പെട്ടവർക്കുള്ള മറുപടിയാണ് തങ്കമ്മ തന്റെ ആദ്യ രണ്ട് സെമസ്റ്ററുകളിലൂടെ നേടിയ വിജയം. നാല് പെൺകുട്ടികൾ ഉൾപ്പെടെ 11പേരുള്ള ക്ലാസിൽ പല വിഷയങ്ങൾക്കും ചെറുപ്പക്കാരായ സഹപാഠികളെക്കാൾ മുൻപിലുമാണ്.
എല്ലാവർക്കും മുമ്പേ അസൈൻമെന്റുകൾ എഴുതി നൽകും. കൃത്യസമയത്ത് എഴുതി വയ്‌ക്കാൻ സഹപാഠികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പഠനകാര്യങ്ങളിൽ എന്ത് സംശയമുണ്ടായാലും ഉടൻ അത് ചോദിക്കുന്ന തങ്കമ്മ അമ്മച്ചി മറ്റ് കുട്ടികൾക്കെല്ലാം പ്രചോദനമാണ്
-ലിന്റ ബേബി
ക്ലാസ് ടീച്ചർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |