കൊല്ലം: ഒക്ടോബറിൽ കമ്മിഷൻ ചെയ്യുന്ന ആക്കുളം- ചേറ്റുവ ജലപാതയിൽ ടൂറിസം വകുപ്പുമായി ചേർന്ന് ക്രൂയിസ് സർവീസുകൾ ആരംഭിക്കാൻ ജലഗതാഗത വകുപ്പിന്റെ ഒരുക്കം. ജലപാതയുടെ നവീകരണം അന്തിമഘട്ടത്തിൽ എത്തുന്നതോടെ വിജയകരമായി നടത്താൻ കഴിയുന്ന ടൂറിസം, പാസഞ്ചർ സർവീസുകൾക്കുള്ള റൂട്ട് കണ്ടെത്താൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തും.
ജലഗതാഗത വകുപ്പിന്റെ പാസഞ്ചർ സർവീസുകളെല്ലാം നിലവിൽ നഷ്ടത്തിലാണ്. എന്നാൽ ആകെയുള്ള നാല് ടൂറിസം സർവീസുകളും വൻ ലാഭത്തിലാണ്. അതുകൊണ്ട് തന്നെ ജലപാതയുടെ വിവിധ ഭാഗങ്ങളിൽ പാസഞ്ചർ സർവീസിനേക്കാൾ ടൂറിസം സർവീസാണ് ജലഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിറുത്തിവച്ച കൊല്ലം- ആലപ്പുഴ ടൂറിസം സർവീസ് ആദ്യം പുനരാരംഭിക്കും. റൂട്ട് സർവേയുടെ അടിസ്ഥാനത്തിൽ സാദ്ധ്യതാ പഠനം നടത്തിയ ശേഷം മറ്റ് സർവീസുകൾക്കുള്ള ബോട്ട് പുതുതായി വാങ്ങും.
ടൂറിസം വകുപ്പുമായി കൈകോർക്കും
സഞ്ചാരികളെ ആകർഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് ടൂറിസം വകുപ്പുമായി സഹകരിക്കുന്നത്. പ്രധാനപ്പെട്ട തീരങ്ങളിൽ ഓലമേഞ്ഞ ചായക്കടകൾ, പഴയകാല സിനിമാ കൊട്ടകകൾ, വിവിധ കലാരൂപങ്ങളുടെ സ്ഥിരം അവതരണത്തിനുള്ള സൗകര്യം തുടങ്ങിയവ സജ്ജമാക്കും. ജലപാതയുടെ സാമ്പത്തിക സാദ്ധ്യത പ്രയോജനപ്പെടുത്താൻ തീരങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾ, സോളാർ ചാർജിംഗ് സ്റ്റേഷനുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ എന്നിവ സജ്ജമാക്കാൻ കിഫ്ബി സഹായത്തോടെയുള്ള കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പദ്ധതിയും പ്രയോജനപ്പെടുത്തും.
ആക്കുളം- ചേറ്റുവ- 288 കിലോ മീറ്റർ
ആക്കുളം -കൊല്ലം- സംസ്ഥാന ജലപാത
25 മീറ്റർ വീതി, 1.7 മുതൽ 2 മീറ്റർ വരെ ആഴം
കൊല്ലം - ചേറ്റുവ- ദേശീയ ജലപാത
32 മുതൽ 45 മീറ്റർ വരെ വീതി, 2.2 മീറ്റർ ആഴം
ജലഗതാഗത വകുപ്പിന്റെ ടൂറിസം സർവീസുകൾ
സീ അഷ്ടമുടി- കൊല്ലം
സീ കുട്ടനാട് - ആലപ്പുഴ
വേഗ- ആലപ്പുഴ
ഇന്ദ്ര- കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |