കൊച്ചി: ഇന്ത്യൻ നിരത്തുകളെ ഹരിതമാക്കുവാനുള്ള സ്വപ്ന പദ്ധതിയായ ഇലക്ട്രിക് ബസുകൾക്ക് കടക്കാൻ
കടമ്പകളേറെ. 2027ഓടെ 50,000 ഇ-ബസുകൾ നിരത്തിലിറക്കണമെന്നായിരുന്നു പദ്ധതി. എന്നാൽ, വിതരണശൃംഖലയിലെ തടസങ്ങൾ പദ്ധതിക്ക് വിലങ്ങുതടിയായിരിക്കുകയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി തടസമാണ് പദ്ധതിയെ പിന്നോട്ടുവലിക്കുന്നത്. അടിസ്ഥാന സൗകര്യം, ധനസഹായം ലഭിക്കുന്നതിലുള്ള തടസം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ വേറെയും.
കേന്ദ്രസർക്കാരിന്റെ സ്വപ്നപദ്ധതിയെ സ്വാഗതം ചെയ്ത് ഇ-ബസുകളുടെ 90 ശതമാനവും മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത് വിവിധ സംസ്ഥാനങ്ങളായിരുന്നു. എന്നാൽ, അടുത്തിടെ മഹാരാഷ്ട്ര സർക്കാർ തങ്ങളുടെ 10,000 കോടിയുടെ ഓർഡർ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചതായി വാർത്തകളുണ്ടായിരുന്നു. 2023ൽ മഹാരാഷ്ട്ര സർക്കാരും ഒലക്ട്ര ഗ്രീൻടെക്ക് കമ്പനിയുടെ കീഴിലെ എസ്.പി.വിയുമായി മഹാരാഷ്ട്ര സർക്കാർ 5150 ബസുകൾ കൈമാറണമെന്ന് കരാറുണ്ടാക്കി. എന്നാൽ, ഇക്കാലയളവിൽ വെറും 250 ബസുകൾ മാത്രമേ നൽകാൻ കമ്പനിക്ക് സാധിച്ചുള്ളൂ. ബസുകൾ നൽകാനുള്ള സമയപരിധി നീട്ടി കരാർ ഒരിക്കൽ മാറ്റിയെങ്കിലും കൂടുതൽ ബസുകൾ നൽകാൻ കമ്പനിക്ക് സാധിക്കാതായതാണ് മഹാരാഷ്ട്ര സർക്കാരിനെ ഓർഡറുകൾ പിൻവലിക്കാൻ നിർബന്ധിതരാക്കിയതെന്ന് കരുതുന്നു. അതേസമയം, കരാർ റദ്ദാക്കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചില്ലെന്നതാണ് കമ്പനിയുടെ നിലപാട്.
ബാറ്ററി നിർമ്മാണ ഘടകങ്ങൾ ലഭിക്കാനില്ല
ഇലക്ട്രിക് വാഹനളുടെ പ്രധാന ഭാഗമാണ് ബാറ്ററികൾ. ഇലക്ട്രിക് ബസുകളുടെ 65ശതമാനം നിർമ്മാണവും പ്രാദേശികമായാണ് നടക്കുന്നത്. എന്നാൽ, ചേസിസ്, ബാറ്ററി ഉൾപ്പെടെയുള്ളവയുടെ ഘടകങ്ങൾ ചൈന, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ലഭ്യമാകേണ്ടത്. അവ എത്താനുള്ള കാലതാമസമാണ് ബസുകളുടെ നിർമ്മാണത്തെ ബാധിക്കുന്നത്. ഒലക്ട്ര ഗ്രീൻടെക്ക് മാത്രമല്ല ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. അതുകൊണ്ട് തന്നെ ഇ-ബസുകളുടെ കരാർ ഏറ്റെടുക്കാൻ ഒലക്ട്രയുടെ എതിരാളികളും മടിക്കുകയാണ്. ഇ-ബസുകളുടെ നിർമ്മാണം 90 ശതമാനം പ്രാദേശികവത്കരിക്കാനുള്ള ശ്രമങ്ങൾ കമ്പനികൾ നടത്തുന്നുണ്ടെങ്കിലും അതിലും അവർ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്.
കമ്പനികൾ നേരിടുന്ന വെല്ലുവിളികൾ
ചാർജിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്
ഇന്ത്യയിലെ വിവിധ നഗരങ്ങൾക്ക് അവയുടെ ആവശ്യങ്ങൾക്കനുസൃതമായി നിർമ്മിക്കപ്പെടേണ്ട ഇ-ബസ്
വിദഗ്ദ്ധരായ തൊഴിലാളികളുടെ കുറവ്
ടയർ2, 3 ഗണങ്ങളിൽ പെടുന്ന നഗരങ്ങളിൽ നിർമ്മാണത്തിനും പരിപാലനത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യക്കുറവ്
ധനലഭ്യതയിലെ കുറവ്
ഫെയിം-2, പി.എം ഇ-ബസ് സേവ, പി.എം ഇ-ഡ്രൈവ് തുടങ്ങി കേന്ദ്രസർക്കാരിന്റെ പദ്ധതികൾക്ക് കീഴിലാണ് ഇ-ബസ് പദ്ധതിക്ക് ചിറകുമുളച്ചത്. വിവിധ സംസ്ഥാനസർക്കാരുകളുടെ പബ്ലിക് ട്രാൻസ്പോർട്ടേഷനുകളാണ് ഇ-ബസുകൾക്ക് പ്രധാനമായും ഓർഡറുകൾ നൽകിയത്. മഹാരാഷ്ട്ര പിന്മാറാൻ ആലോചിക്കുമ്പോൾ അടുത്ത വർഷം അവസാനത്തോടെ ഡൽഹി 4000 ഇ-ബസുകൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |