യുവേഫ നേഷൻസ് ലീഗ് സെമിയിൽ ഗോളടിച്ച് പോർച്ചുഗലിനെ ജയിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
പോർച്ചുഗൽ ജർമ്മനിയെ തോൽപ്പിക്കുന്നത് 25 വർഷത്തിന് ശേഷം
മ്യൂണിക്ക് : പോർച്ചുഗലിന്റെ ചെങ്കുപ്പായത്തിൽ താനെന്നും ആ പഴയ പടക്കുതിരതന്നെയെന്ന് തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ രാത്രി യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിന്റെ സെമിഫൈനലിൽ ജർമ്മനിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് പോർച്ചുഗൽ തോൽപ്പിച്ചപ്പോൾ വിജയഗോളടിച്ചത് 40കാരനായ ക്രിസ്റ്റ്യാനോയാണ്. സമീപകാലത്ത് ക്ളബ് ഫുട്ബാളിൽ നിറംമങ്ങിയതിന്റെ പേരിൽ കേട്ടിരുന്ന വിമർശനങ്ങൾക്കാണ് ദേശീയ ടീം ജഴ്സിയിൽ ക്രിസ്റ്റ്യാനോ മറുപടി നൽകിയത്.
കഴിഞ്ഞവാരാന്ത്യത്തിൽ പാരീസ് എസ്.ജി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയെടുത്ത അലിയൻസ് അരീന സ്റ്റേഡിയത്തിലാണ് ആതിഥേയരായ ജർമ്മനിയെ ക്രിസ്റ്റ്യാനോയും കൂട്ടരും തകർത്തത്.ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 48-ാം മിനിട്ടിൽ ഫ്ളോറിയൻ വിറ്റ്സിലൂടെ ജർമ്മനി മുന്നിലെത്തിയിരുന്നു. ജോഷ്വ കിമ്മിഷ് ബോക്സിന് കുറുകെ നൽകിയ ഡയഗണൽ പാസ് തലകൊണ്ട് വലയിലേക്ക് കുത്തിയിടുകയായിരുന്നു വിറ്റ്സ്. 63-ാം മിനിട്ടിൽ റൂബിൻ ഡയസിന്റെ പാസിൽ നിന്ന് ഫ്രാൻസിസ്കോ കോൺസീസാവോയാണ് പോർച്ചുഗലിനെ സമനിലയിലെത്തിച്ചത്. 68-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയുടെ ബൂട്ടിൽ നിന്ന് വിജയഗോളും പിറന്നു. ന്യൂനോ മെൻഡസ് നൽകിയ ക്രോസ് ബോക്സിലേക്ക് ഓടിക്കയറുന്നതിനിടെ ഡിഫൻഡർമാർക്കിടയിൽ നിന്ന് വലയിലേക്ക് തട്ടിയിടുകയായിരുന്നു ക്രിസ്റ്റ്യാനോ.
ഫ്രാൻസും സ്പെയ്നും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെയാണ് ഞായറാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ പോർച്ചുഗൽ നേരിടേണ്ടത്.
2000
ത്തിലെ യൂറോകപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലാണ് ഇതിനുമുമ്പ് പോർച്ചുഗൽ ജർമ്മനിയെ തോൽപ്പിച്ചത്. 3-0ത്തിനായിരുന്നു ആ ജയം. അതിന്ശേഷം 2006 ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനൽ,2008 യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനൽ, 2012,2020 യൂറോ കപ്പുകളുടെ ഗ്രൂപ്പ് മത്സരങ്ങൾ,2014 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരം എന്നിവയിലെല്ലാം ജർമ്മനിയാണ് ജയിച്ചത്.
137
പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ നേടുന്ന 137-ാമത്തെ ഗോളായിരുന്നു ജർമ്മനിക്കെതിരായത്. 40കാരനായ ക്രിസ്റ്റ്യാനോയുടെ 220-ാമത് അന്താരാഷ്ട്ര മത്സരവും. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളുടെയും ഗോളുകളുടെയും റെക്കാഡ് ക്രിസ്റ്റ്യാനോയുടെ പേരിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |