ന്യൂഡൽഹി: പാകിസ്ഥാന് അനുകൂലമായി നിലപാട് സ്വീകരിച്ച കൊളംബിയയെ തിരുത്താനായതാണ് തന്റെ നേതൃത്വത്തിലുള്ള സർവക്ഷി സംഘത്തിന്റെ വലിയ നേട്ടമെന്ന് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ച് ഡൽഹിയിൽ തിരിച്ചെത്തിയ തരൂർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
യാത്രയിലെ കൂടിക്കാഴ്‌ചകൾ മികച്ചതായിരുന്നെങ്കിലും . കൊളംബിയയിൽ, അവരുടെ പാക് അനുകൂല നിലപാട് മാറ്റിക്കാൻ കഴിഞ്ഞുവെന്നതാണ്. അതിന് അവർക്ക് ഒരുപാട് ആലോചിക്കേണ്ടിയും വന്നില്ല. ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സമയത്ത് സാഹചര്യങ്ങൾ മനസിലാക്കാതെ അവർ പാകിസ്ഥാനിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് ഒരു പ്രസ്താവന ഇറക്കിയിരുന്നു.
കാര്യങ്ങൾ വിശദീകരിച്ചപ്പോൾ, അവർ ആ പ്രസ്താവന പിൻവലിച്ചു. തുടർന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കാനും ഇന്ത്യൻ നിലപാടിനുള്ള പിന്തുണ അംഗീകരിച്ചത് അറിയിക്കാനും ആക്ടിംഗ് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. അതെല്ലാം ഭംഗിയായി നടന്നു.
യു. എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും തരൂർ പറഞ്ഞു. തിരക്കേറിയ ദിവസമായിട്ടും വാൻസ് കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറായി. എല്ലാ കാര്യങ്ങളും പറയാൻ കഴിഞ്ഞു.
അഞ്ച് രാജ്യങ്ങളിലും മികച്ച സ്വീകരണമാണ് ലഭിച്ചത്. പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, വൈസ് പ്രസിഡന്റുമാർ തുടങ്ങി മുതിർന്ന സംവാദകരുമായുള്ള കൂടിക്കാഴ്‌ചകൾ മികച്ചതായിരുന്നു. ഞങ്ങളുടെ നിലപാടിനെക്കുറിച്ച് പൂർണ ധാരണയുണ്ടായിരുന്നു.
സർക്കാരിനെ സംബന്ധിച്ചിടത്തോളം, എം.പിമാരെ അയച്ചതിന്റെ ഉദ്ദേശ്യം രാഷ്ട്രീയത്തിന് അതീതമായി ഇന്ത്യയുടെ ഐക്യത്തെ പ്രകടമാക്കലാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഒപ്പം സർക്കാർ ഉദ്യോഗസ്ഥർ, നിയമസഭാംഗങ്ങൾ, ചിന്തകർ, അഭിപ്രായ രൂപീകരണക്കാർ, മാദ്ധ്യമങ്ങൾ, പ്രവാസികൾ തുടങ്ങിയവരിൽ ഇന്ത്യയുടെ സന്ദേശം എത്തിക്കാനും പദ്ധതിയിട്ടു. എല്ലാം വളരെ സമഗ്രമായി നിറവേറ്റപ്പെട്ടു. ഞങ്ങളോട് ആവശ്യപ്പെട്ടത് ചെയ്ത ശേഷമാണ് മടങ്ങിയെത്തിയതെന്നും തരൂർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അഭിനന്ദനം
ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ ബോദ്ധ്യപ്പെടുത്താൻ സർവകക്ഷി സംഘങ്ങൾക്ക് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ നടന്ന അത്താഴവിരുന്നിൽ സർവകക്ഷി സംഘങ്ങളിലെ നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ സംഘങ്ങൾക്ക് നേതൃത്വം നൽകിയ ശശി തരൂർ(കോൺഗ്രസ്), ബൈജയന്തി പാണ്ഡെ, രവിശങ്കർ പ്രസാദ്(ബി.ജെ.പി), സഞ്ജയ് ഝാ(ജെ.ഡി.യു), ശ്രീകാന്ത് ഷിൻഡെ(ശിവസേന), കനിമൊഴി(ഡി.എം.കെ), സുപ്രീയ സുലേ(എൻ.സി.പി-എസ്.പി) എന്നിവർ ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാടും ലോകസമാധാനത്തോടുള്ള പ്രതിബദ്ധതയും ലോകരാജ്യങ്ങളെ ബോദ്ധ്യപ്പെടുത്തിയത് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |