ന്യൂഡൽഹി : അന്യമതസ്ഥയെ വിവാഹം ചെയ്‌തതിന്റെ പേരിൽ ആരെയും ജയിലിൽ അടയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ ഹിന്ദു യുവതിയെ വിവാഹം ചെയ്‌തതിനെ തുടർന്ന് ജയിലിലടച്ച മുസ്ലീം സമുദായത്തിലെ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി നിലപാട് അറിയിച്ചത്. പരസ്‌പരം ഇഷ്‌ടത്തോടെയും മാതാപിതാക്കളുടെ സമ്മതത്തോടെയുമാണ് വിവാഹം നടന്നത്. ആ സാഹചര്യത്തിൽ യുവാവിന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാരിന് എതിർക്കാനാകില്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മതം മറച്ചുവച്ച് വിവാഹത്തട്ടിപ്പു നടത്തിയെന്ന് ആരോപിച്ചാണ് ഉത്തരാഖണ്ഡ് പൊലീസ് മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്‌തത്. ആറുമാസമായി ജയിലിൽ കഴിയുന്നതും കേസിൽ കുറ്റപത്രം സമർപ്പിച്ചതും ജാമ്യക്കാര്യത്തിൽ കോടതി കണക്കിലെടുത്തു. ഒരുമിച്ച് ജീവിക്കുന്നതിന് കേസ് നടപടികൾ ദമ്പതികൾക്ക് തടസമാകരുതെന്ന് കോടതി നിർദ്ദേശിച്ചു. ചില വ്യക്തികളും സംഘടനകളും എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതെന്ന് യുവാവ് കോടതിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |