സ്വർണം, ക്രൂഡ് കുതിച്ചു, ഓഹരികൾ അടിതെറ്റി
കൊച്ചി: ഇറാനെതിരെ ഇസ്രയേൽ കടുത്ത ആക്രമണം നടത്തിയതോടെ ആഗോള വിപണികൾ കനത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻകിട ഫണ്ടുകളും കേന്ദ്ര ബാങ്കുകളും വാങ്ങൽ താത്പര്യം കൂട്ടിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,440 ഡോളറിന് മുകളിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധന പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന ആശങ്കയിൽ ക്രൂഡോയിൽ വില ബാരലിന് 13 ശതമാനം ഉയർന്ന് 79 ഡോളറിലെത്തി. ഇന്നലെ മാത്രം ബാരലിന് പത്ത് ഡോളറാണ് വില ഉയർന്നത്.
യൂറോപ്പിലെയും ഏഷ്യയിലെയും ഓഹരി വിപണികളും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ(യു.എ.ഇ) കടപ്പത്രങ്ങളും വിലത്തകർച്ച നേരിട്ടു. ഇന്ത്യയിലെ പ്രമുഖ സൂചികയായ സെൻസെക്സ് തുടക്കത്തിൽ ആയിരം പോയിന്റിലധികം ഇടിഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം നഷ്‌ടം കുറച്ചു തിരിച്ചുകയറി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ രൂപയും തിരിച്ചടി നേരിട്ടു.
പവൻ വില 75,000 രൂപയിലേക്ക്
റെക്കാഡ് പുതുക്കി സ്വർണക്കുതിപ്പ്
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില 1,560 രൂപ വർദ്ധിച്ച് 74,360 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 195 രൂപ ഉയർന്ന് 9,295 രൂപയിലെത്തി. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപയെന്ന റെക്കാഡാണ് പവൻ ഇന്നലെ പുതുക്കിയത്. 24 കാരറ്റ് സ്വർണത്തിന് കിലോയ്ക്ക് ഒരു കോടി രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ഏപ്രിലിൽ ഔൺസിന് 3,500 ഡോളറിലായിരുന്നു. രൂപയുടെ മൂല്യയിടിവ് രൂക്ഷമായതാണ് ഇന്ത്യയിലെ സ്വർണ വില വർദ്ധനയുടെ തോത് കൂടാൻ കാരണം.
ഒരു പവൻ വാങ്ങുന്നതിന് 80,000 രൂപയിലധികമാകും
നിലവിൽ ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം ഒരു പവൻ സ്വർണം വാങ്ങുന്നതിന് വില 80,000 രൂപയിലധികമാകും.
കരുതലോടെ ഓഹരി നിക്ഷേപകർ
യുദ്ധ ഭീതിയേറിയതോടെ സെൻസെക്‌സ് 573.6 പോയിന്റ് ഇടിഞ്ഞ് 81,118.60ൽ അവസാനിച്ചു. ഒരവസരത്തിൽ സെൻസെക്‌സ് 80,354.59 വരെ താഴ്ന്നിരുന്നു. നിഫ്‌റ്റി 169.6 പോയിന്റ് നഷ്‌ടവുമായി 24,718.6ൽ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. പൊതുമേഖല, എഫ്.എം.സി.ജി, മെറ്റൽ, ധനകാര്യ, വാഹന ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
രൂപയുടെ മൂല്യത്തിലും കനത്ത ഇടിവ്
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 49 പൈസ നഷ്ടത്തോടെ 86.09ൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |