#ഒഴിഞ്ഞുമാറാനാവില്ലെന്ന് മുന്നറിയിപ്പ്
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്നും മൂന്നാഴ്ചയ്ക്കകം നിലപാടറിയിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട പ്രത്യേകബെഞ്ച് നിർദ്ദേശിച്ചു. ഭരണഘടനയുടെ 73-ാം അനുച്ഛേദമനുസരിച്ച് ബാങ്കുകൾക്ക് നിർദ്ദേശം നൽകാൻ കേന്ദ്രസർക്കാരിന് എക്സിക്യുട്ടീവ് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിനോട് ഏപ്രിൽ 10ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പക്ഷേ ഇതിനുള്ള മറുപടി നൽകിയത് ദേശീയ ദുരന്തനിവാരണ അതോറിട്ടിയാണ് (എൻ.ഡി.എം.എ). നിലവിൽ വ്യവസ്ഥയില്ലെന്നാണ് അണ്ടർ സെക്രട്ടറി ചന്ദൻസിംഗ് സത്യവാങ്മൂലത്തിൽ അറിയിച്ചത്. ദുരന്തനിവാരണ നിയമത്തിലെ 13-ാംവകുപ്പ് പ്രകാരമാണ് വായ്പ എഴുതിത്തള്ളിയിരുന്നത്. 2025ലെ നിയമഭേദഗതിയിൽ ഈ വകുപ്പ് ഒഴിവാക്കി. വായ്പകൾ എഴുതിത്തള്ളാനാകില്ലെന്ന വിവരം ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു.
ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാൻ ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്നാണ് കേന്ദ്രംവാദിച്ചത്. എന്നാൽ, രാജ്യത്തൊരു നിയമമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.
ഇല്ലെങ്കിൽ അശക്തരെന്ന് പറയേണ്ടിവരും. ഡൽഹിയിലിരിക്കുന്ന അണ്ടർസെക്രട്ടറിയുടെ വിശദീകരണമല്ല വേണ്ടതെന്നും വിമർശിച്ചു. പ്രത്യേകഅധികാരം പ്രയോഗിക്കാൻ കോടതിയുടെ നിർദ്ദേശം ആവശ്യമാണെന്ന് അസി. സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ വ്യക്തമാക്കി. കേന്ദ്രത്തിനായി സത്യവാങ്മൂലം സമർപ്പിക്കാൻ സമയം തേടുകയുംചെയ്തു. ജൂലായ് 4ന് പരിഗണിക്കാൻ മാറ്റി.
ദേശീയപാതയ്ക്കും ദുരന്ത
നിവാരണ പ്ലാൻ വേണം
ദേശീയപാതകൾ ഇടിഞ്ഞുതാഴുകയും തകരാറിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശീയപാതകൾക്കായി ദുരന്തനിവാരണപ്ലാൻ അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. മൺസൂൺ കാലത്ത് കേരളത്തിലെങ്കിലും അതനുസരിച്ച് മുൻകരുതൽ വേണ്ടതാണെന്നും പറഞ്ഞു. ഇത്തരമൊരു പദ്ധതി ദേശീയപാത അതോറിട്ടിക്ക് ഇല്ലെന്നും സംസ്ഥാനത്തെ പാതകളിലെ 36ശതമാനവും അപകടസാദ്ധ്യതയുള്ളതാണെന്ന് നാറ്റ്പാക് റിപ്പോർട്ടുണ്ടെന്നും അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണിത്. ദുരന്തനിവാരണ പ്ലാൻ തയ്യാറാക്കാൻ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ചുള്ള സത്യവാങ്മൂലവും കേന്ദ്രം മൂന്നാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |