ന്യൂഡൽഹി: അഹമ്മദാബാദിൽ വിമാനദുരന്തമുണ്ടായ സ്ഥലത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. അദ്‌ഭുതകരമായി രക്ഷപ്പെട്ട രമേശ്കുമാറിനെയും പരിക്കേറ്റ് ചികിത്സയിലുള്ള മറ്റുള്ളവരെയും സന്ദർശിച്ചു.
ഇന്നലെ രാവിലെ 8.30ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മേഘാനിനഗറിൽ മെഡിക്കൽ കോളേജ് കാമ്പസിലെ അപകട സ്ഥലത്തേക്കാണ് ആദ്യം പോയത്. തകർന്ന കെട്ടിടവും വിമാനത്തിന്റെ അവശിഷ്‌ടങ്ങളും നോക്കിക്കണ്ടു. രക്ഷാപ്രവർത്തനം നടത്തുന്നവരുമായി സംവദിച്ചു. എയർഇന്ത്യ സി.ഇ.ഒ കാപ്ബെൽ വിൽസൺ അടക്കമുള്ളവർ അപകടത്തിന്റെ വിശദാംശങ്ങൾ ധരിപ്പിച്ചു.
20 മിനിട്ടോളം ദുരന്തസ്ഥലത്ത് ചെലവഴിച്ച പ്രധാനമന്ത്രി പിന്നീട് അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ കണ്ടു. രക്ഷപ്പെട്ട രമേശ്‌കുമാർ വിശ്വാസുമായി സംസാരിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 25 മെഡിക്കൽ വിദ്യാർത്ഥികളെയും സന്ദർശിച്ചു.
തുടർന്ന് നടന്ന ഉന്നത യോഗത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡി.എൻ.എ പരിശോധന, ബന്ധുക്കൾക്ക് അവ വിട്ടുകൊടുക്കൽ, തകർന്ന മെഡിക്കൽ കോളേജ് കെട്ടിടം പുനഃനിർമ്മിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. അപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രുപാണിയുടെ ഭാര്യ അഞ്ജലി ബെൻ രുപാണിയെയും മോദി സന്ദർശിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു, ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഗ്‌വി, സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
രാജ്യം ഉറ്റവരെ
നഷ്ടപ്പെട്ടവർക്കൊപ്പം
ഹൃദയഭേദകമാംവിധം നിരവധി ജീവനുകൾ പൊലിഞ്ഞതു വാക്കുകൾക്ക് അതീതം. ദുഃഖാർത്തരായ എല്ലാ കുടുംബങ്ങളെയും അനുശോചനം അറിയിക്കുന്നു. സങ്കൽപ്പിക്കാൻ പോലുമാകാത്ത ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് നമ്മുടെ ചിന്തകൾ. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ അവരോടും കുടുംബങ്ങളോടും ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി. അവരുടെ വേഗത്തിലുള്ള സുഖം പ്രാപിക്കലിനായി മുഴുവൻ രാഷ്ട്രവും പ്രാർത്ഥിക്കുന്നു. ഓം ശാന്തി.
- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |