കൊച്ചി: കൊച്ചിയുടെ സ്വന്തം ജൂതമുത്തശ്ശിയുടെ ഓർമ്മയ്ക്ക് ജൂതവിവാഹ വസ്ത്രം തുന്നുന്നു. മട്ടാഞ്ചേരിയിൽ ജീവിച്ചുമരിച്ച സാറാ കോഹൻ വരച്ചുസൂക്ഷിച്ച സ്‌കെച്ചാണ് ഉപയോഗിക്കുന്നത്. സാറ പുത്രനെപ്പോലെ സ്നേഹിച്ച താഹ ഇബ്രാഹിമാണ് തുന്നൽക്കാരൻ.
47 വർഷങ്ങൾക്കു ശേഷമാണ് 'കാപ്പാ" എന്നുപേരുള്ള വിവാഹവസ്ത്രം തയ്യാറാക്കുന്നത്. ജൂത സിനഗോഗിനു സമീപം പുതുതായി വരുന്ന മ്യൂസിയത്തിൽ സൂക്ഷിക്കും.
വാഗ്ദത്തഭൂമിയായ ഇസ്രയേലിലേക്ക് മടങ്ങാത്ത സാറ 97-ാം വയസിലാണ് വിടപറഞ്ഞത്. സിനഗോഗിന് സമീപമാണ് സാറാ കോഹൻസ് ഹോം. പഴമയുടെ പ്രൗഢിയോടെ തഹ ഇതു പരിപാലിക്കുന്നുണ്ട് .
നല്ലൊരു തുന്നൽക്കാരിയും പ്രശസ്ത കേക്ക് നിർമ്മാതാവുമായിരുന്നു സാറ. കൈകൊണ്ട് തയ്ച്ചിരുന്ന സാറയ്‌ക്ക് ഭർത്താവ് ജേക്കബ് കോഹൻ 1945ൽ അമേരിക്കയിൽ നിന്ന് തയ്യൽ മെഷീൻ ഇറക്കുമതി ചെയ്‌തുനൽകി. വിവാഹ വാർഷിക സമ്മാനം. ആ മെഷീനിൽ ജൂതന്മാരുടെ ആഘോഷങ്ങൾക്കെല്ലാം വസ്ത്രങ്ങൾ തുന്നി നൽകി സാറ.
1978ലാണ് കൊച്ചിയിൽ അവസാനമായി ജൂതവിവാഹം നടന്നത്. പട്ടിലാണ് നീളൻ വിവാഹക്കുപ്പായം തുന്നുക. പട്ടുതുണിയിൽ അലങ്കാരങ്ങൾ കൈകൊണ്ട് തുന്നിച്ചേർക്കും. മുമ്പ് സ്വർണം കൊണ്ടുള്ള അലങ്കാരങ്ങൾ ചേർത്തിരുന്നു. അലങ്കാരപ്പണികൾ പൂർത്തിയാക്കിയ ശേഷം തുണിമുറിച്ച് മെഷീനിൽ തുന്നും.
അതീവ ശ്രദ്ധ ആവശ്യമുള്ളതിനാൽ മൂന്നുമാസം വേണ്ടിവരുമെന്ന് താഹ പറഞ്ഞു. താഴെ ധരിക്കുന്ന പാന്റ്സ് പോലുള്ളത് തുന്നാൻ ഒരു മാസവും വേണം. സാറ വരച്ചുസൂക്ഷിച്ച സ്‌കെച്ച് അതേപോലെ തുന്നുകയാണ്. എല്ലാത്തരം ജൂതവസ്ത്രങ്ങളുടെയും സ്കെച്ച് വരച്ചത് വീട്ടിലുണ്ട്.
തയ്യൽ ഇഷ്ടപ്പെട്ടു;
സാറ ഒപ്പം കൂട്ടി
സാറയുടെ മുത്തച്‌ഛൻ മട്ടാഞ്ചേരിയിൽ കുടിയേറിയതാണ്. 1922ലാണ് സാറയുടെ ജനനം. രണ്ടാംലോകമഹായുദ്ധം കഴിഞ്ഞപ്പോൾ മട്ടാഞ്ചേരിയിലെ ജൂതകുടുംബങ്ങൾ നല്ലൊരു പങ്കും ഇസ്രയേലിലേക്ക് മടങ്ങി. 2019 ആഗസ്റ്റ് 30ന് മരിക്കുമ്പോൾ 97 വയസ് തികയാൻ ആറുദിവസം ബാക്കിയായിരുന്നു സാറയ്ക്ക്. ഫോർട്ടുകൊച്ചി സ്വദേശി താഹ എംബ്രോയ്ഡറി ചെയ്യുന്നത് ഇഷ്‌ടപ്പെട്ടാണ് സാറ ഒപ്പംകൂട്ടിയത്. 1970ൽ 22-ാം വയസിൽ സാറയുടെ വീട്ടിലെത്തിയ താഹ മക്കളില്ലാത്ത ദമ്പതികൾക്ക് സ്വന്തം മകനായി. സാറയെ അമ്മയെപ്പോലെ നോക്കണമെന്ന് താഹയെ ഉപദേശിച്ചാണ് ജേക്കബ് കോഹൻ മരിക്കുന്നത്. താഹയും ഭാര്യ ജാസ്‌മിനും വാക്കുപാലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |