ഉത്പാദന ഇടിവിൽ വില ലിറ്ററിന് 400 രൂപ കവിഞ്ഞു
തിരുവനന്തപുരം: ഭക്ഷ്യഎണ്ണ ഇറക്കുമതിയുടെ തീരുവ കുറഞ്ഞെങ്കിലും വെളിച്ചെണ്ണ വില ലിറ്ററിന് 400 രൂപയും കവിഞ്ഞ് കുതിക്കുന്നു. 10 മുതൽ 20 രൂപ വരെയാണ് ഒറ്റയടിക്ക് കൂടുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി വിലയാണ് ഇപ്പോഴുള്ളത് . തേങ്ങ ലഭ്യത കുറഞ്ഞതും കൊപ്രാ ക്ഷാമവുമാണ് വില ഉയർത്തുന്നത്. ട്രെൻഡ് തുടർന്നാൽ കേരളത്തിൽ വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപ വരെ എത്തുമെന്ന് വ്യാപാരികൾ പറയുന്നു. വില വർദ്ധന രൂക്ഷമായതോടെ വ്യാജ വെളിച്ചെണ്ണ വിൽപ്പന സജീവമാണ്.
വില വർദ്ധനയ്ക്ക് പിന്നിൽ
ഒരുകിലോ തേങ്ങ യ്ക്ക് 74 - 82 രൂപ വരെയാണ് വില. കൊപ്രയാക്കി ആട്ടുമ്പോൾ ചെലവ് വീണ്ടും ഉയരും. അയൽ സംസ്ഥാനങ്ങളിലെ കൊപ്ര വരവ് കുറഞ്ഞതും വെല്ലുവിളി രൂക്ഷമാക്കുന്നു. സംസ്ഥാനത്തെ ചെറുകിട മിൽ ഉടമകളും പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യത്തിൽ വെളിച്ചെണ്ണയുടെ ഉത്പാദന ചെലവ് ലിറ്ററിന് 350 രൂപയ്‌ക്ക് മുകളിലാണ്. 60 -65 കിലോ വെളിച്ചെണ്ണ കിട്ടാൻ 100 കിലോ കൊപ്രയാണ് വേണ്ടത്.
വിപണിയിൽ വ്യാജന്മാരും
മുന്തിയ ബ്രാൻഡുകളോട് സാദൃശ്യമുള്ളതും എന്നാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്തതുമായ പേരുകളിൽ വ്യാജന്മാർ വിപണിയിൽ സജീവമാണ്. പാം കെർണൽ ഓയിലും വിലകുറഞ്ഞ എണ്ണകളും ചേർത്ത് വിലക്കുറവിലാണ് ഇവയുടെ വില്പന. പെട്രോളിയം ഉപോത്പന്നമായ പാരഫിൻ ഓയിൽ ചേർത്ത വെളിച്ചെണ്ണ ആരോഗ്യത്തിന് വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |