കൊച്ചി: റബ്ബർ പ്ലാന്റേഷൻ പദ്ധതിയായ ഇൻറോഡിന്റെ ഭാഗമായ രാജ്യത്തെ നാല് ടയർ നിർമാണ കമ്പനികളായ അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെ.കെ ടയർ, എം.ആർ.എഫ് എന്നിവർ ലോകത്തെ ഏറ്റവും ശക്തമായ ടയർ ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ പതിനഞ്ചിൽ ഇടംനേടി. ബ്രാൻഡ് ഫിനാൻസെന്ന ലോകപ്രശസ്ത ബ്രാൻഡ് മൂല്യനിർണയ കമ്പനിയുടെ പുതിയ റിപ്പോർട്ടിലാണ് ഇവർ ഇടംപിടിച്ചത് . ഇന്ത്യൻ ടയർ വ്യവസായത്തിന്റെ മത്സരക്ഷമത, സാങ്കേതിക ശക്തി, ബ്രാൻഡിംഗ് നേട്ടങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമാണിത്. ടയർ ബ്രാൻഡുകളിലെ ലോകത്തെ മൂന്നാമത്തെ ശക്തമായ ബ്രാൻഡായി എം.ആർ.എഫ് തിരഞ്ഞെടുക്കപ്പെട്ടു. നിക്ഷേപം, ഉപഭോക്തൃ വിശ്വാസം, വ്യാപാര നേട്ടം എന്നിവ അടിസ്ഥാനമാക്കിയാണ് ബ്രാൻഡ് ഫിനാൻസ് ബ്രാൻഡുകളുടെ വാർഷിക വിലയിരുത്തലുകൾ നടത്തുന്നത്. ഇന്ത്യയിലെ നാലു കമ്പനികളും ലോകത്തിലെ ആദ്യ പതിനഞ്ച് പട്ടികയിൽ ഉൾപ്പെടുന്നത് ദേശീയ ടയർ നിർമ്മാണ മേഖലയുടെയും ഉൽപ്പന്നങ്ങളുടെ വിശ്വാസ്യതയുടെയും ആഗോള അംഗീകാരമാണ്. റബർ ബോർഡുമായി ചേർന്ന് സ്വാഭാവിക റബറിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാനും റബർ കൃഷി വ്യാപിപ്പിക്കാനും റബർ പ്ലാനെറെഷൻ രംഗത് അടിസ്‌ഥാന സൗകര്യം ഉറപ്പാക്കുന്നതിനായുള്ള ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറിംഗ് അസോസിയേഷൻ (ആത്മ) നടപ്പാക്കുന്ന ഇൻറോഡ് പദ്ധതിയുടെ ഭാഗമാണ് ആഗോള പട്ടികയിൽ ഇടം നേടിയ നാല് കമ്പനികളും. റബ്ബർ ബോർഡുമായി ചേർന്ന് നടപ്പാക്കുന്ന ഇൻറോഡ് പദ്ധതി ഉത്തരകിഴക്കൻ ഇന്ത്യയിൽ വ്യാപിപ്പിക്കുന്ന സമയത്താണ് ഈ അംഗീകാരമെന്നത് അഭിമാനകരമാണെന്ന് ഇൻറോഡ് ഉപദേശകസമിതി ചെയർമാൻ അരുൺ മാമ്മൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |