ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിലെ വിള്ളൽ പരിഹരിക്കുകയെന്ന നിർണായക ദൗത്യവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലെത്തിയത്. ഇന്നലെ കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ജി 7 ഉച്ചകോടിയിലെ അന്താരാഷ്‌ട്ര വിഷയങ്ങൾക്കൊപ്പം ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നിർണായക ചർച്ച നടത്തും. പ്രശ്നപരിഹാരം ലക്ഷ്യമിട്ടാണ് കാർണി മോദിയെ രാജ്യത്തേക്ക് ക്ഷണിച്ചത്. 2023ൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഖാലിസ്ഥാൻ അനുകൂല നിലപാടും ബന്ധം ഉലച്ചു. അതിനുശേഷമുള്ള മോദിയുടെ ആദ്യ കാനഡ സന്ദർശനമാണിത്. 2015ലായിരുന്നു അവസാന സന്ദർശനം. ജനങ്ങൾക്കിടയിലെ ആഴത്തിലുള്ള ബന്ധവും പരസ്‌പര താത്‌പര്യങ്ങളും മുൻനിറുത്തി ഇന്ത്യയും കാനഡയും ഊർജ്ജസ്വലതയോടെ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് യാത്രയ്ക്ക് മുമ്പ് മോദി പറഞ്ഞിരുന്നു.
'ഓപ്പറേഷൻ സിന്ദൂർ':
നിലപാട് അറിയിക്കും
പാകിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ നിലപാടും ലോകനേതാക്കൾക്ക് മുന്നിൽ വിശദീകരിക്കാനുള്ള അവസരം കൂടിയാണ് ഉച്ചകോടി. ഇന്ത്യ ജി 7 അംഗമല്ലെങ്കിലും, 2019 മുതലുള്ള ഉച്ചകോടികളിൽ മോദിക്ക് ക്ഷണം ലഭിക്കാറുണ്ട്. കാനഡയിലെ 23 മണിക്കൂർ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ, മോദി ആഗോള നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ജി7 ഉച്ചകോടിയിലെ ഔട്ട്റീച്ച് സെഷനുകളിൽ പങ്കെടുക്കും. ഇതിനിടയിലാകും കാർണിയുമായുള്ള കൂടിക്കാഴ്‌ച. നയതന്ത്രജ്ഞരെ ഹൈക്കമ്മിഷനുകളിൽ നിന്ന് പുറത്താക്കിയതടക്കം വിഷയങ്ങൾ പുനഃപരിശോധിച്ചേക്കും. കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ കാർണി ഇന്ത്യയുമായി നല്ല ബന്ധം തുടരാനുള്ള താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.
ഖാലിസ്ഥാൻ പ്രതിഷേധം
പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെ കനനാസ്കിസിൽ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. 'മോദി രാഷ്ട്രീയത്തെ കൊല്ലാൻ' കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആഹ്വാനം ചെയ്യുന്ന പ്ളക്കാർഡുകൾ ഏന്തിയായിരുന്നു പ്രതിഷേധം. ചിലർ പ്രതീകാത്മകമായി ഇന്ത്യൻ പതാക കീറി. ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളെ പട്ന സാഹിബ് ഗുരുദ്വാര തഖ്ത് ശക്തമായി അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |