ആലപ്പുഴ: 1996ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാരാരിക്കുളം മണ്ഡലത്തിൽ സി.പി.എമ്മിന്റെ അതിശക്തനായ നേതാവ് വി.എസ്. അച്യുതാനന്ദനെ പരാജയപ്പെടുത്തിയപ്പോൾ പി.ജെ. ഫ്രാൻസിസ് പൊട്ടിക്കരഞ്ഞു. വിജയം വിശ്വസിക്കാനാകാതെ. മണ്ഡല പുനഃക്രമീകരണത്തിൽ ഇല്ലാതായിപ്പോയ പഴയമാരാരിക്കുളത്തെ സിറ്റിംഗ് എം.എൽ.എയായ അച്യുതാനന്ദനെ പിടിച്ചുകെട്ടാൻ കോൺഗ്രസ് ഇറക്കിവിട്ടതായിരുന്നു ഫ്രാൻസിസിനെ. ജയിക്കുമെന്നത് കോൺഗ്രസിന്റെയോ ഫ്രാൻസിസിന്റെയോ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. ഫ്രാൻസിസിനെ വി.എസ് കാര്യമായി ഗൗനിച്ചതുമില്ല.
എന്നാൽ,അന്ന് സി.പി.എമ്മിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ വോട്ടെടുപ്പ് ദിവസം തീമഴയാവുമെന്ന് ഇവരാരും ചിന്തിച്ചതുമില്ല. എസ്.ഡി.വി ഹൈസ്കൂളിലായിരുന്നു വോട്ടെണ്ണൽ. അന്ന് ദൂരദർശൻ മാത്രമേ ദൃശ്യമാദ്ധ്യമമായുള്ളൂ. വി.എസ് വിജയിച്ച് പുറത്തേക്ക് വരുന്നത് തത്സമയം പകർത്താൻ അവർ സകല തയ്യാറെടുപ്പുകളുമായി നിന്നു. അപ്പോഴാണ് ഇടിമിന്നൽ പോലെ ആ വാർത്ത പരന്നു,വി.എസ് തോറ്റു!. കേരളക്കരയാകെ ആ ഞെട്ടലിൽ വിറങ്ങലിച്ചു നിൽക്കവേ പൊട്ടിക്കരയുകയായിരുന്നു ഫ്രാൻസിസ്! കണ്ണീരണിഞ്ഞുകൊണ്ട് ഡി.സി.സി ഓഫീസിലേക്ക് ഫ്രാൻസിസ് എത്തിയപ്പോൾ വിജയിയെ എതിരേൽക്കാൻ മുന്നൊരുക്കങ്ങളൊന്നും ഇല്ലായിരുന്നു. കാരണം തോൽക്കുമെന്ന് ഉറപ്പായിരുന്നല്ലോ! ഫലപ്രഖ്യാപനം വന്നതോടെ ഡി.സി.സി ഓഫീസിലേക്ക് ഇരച്ചെത്തിയ നേതാക്കൾ ഫ്രാൻസിസിനെ സ്വീകരിക്കാൻ സജ്ജരായി.
കരഞ്ഞുകൊണ്ട് വന്ന ഫ്രാൻസിസിനെ കണ്ട് അവർ അന്തംവിട്ടു. ഫ്രാൻസിസിനെ ചിരിപ്പിക്കാൻ ചിലർ ശ്രമിച്ചു. കരച്ചിലടങ്ങുന്നില്ല. ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രക്ഷയില്ല. ഫ്രാൻസിസ് വീണ്ടും വീണ്ടും പൊട്ടിക്കരഞ്ഞു. ഒരിടത്തും ഒരു വിജയി ഇങ്ങനെ കരഞ്ഞ ചരിത്രം കാണില്ല. 2001ൽ വീണ്ടും മത്സരിച്ചെങ്കിലും തോമസ് ഐസക്കിനു മുന്നിൽ അടിതെറ്റി വീണു. അതോടെ രാഷ്ട്രീയ രംഗം വിട്ട ഫ്രാൻസിസ് വിശ്രമ ജീവിതത്തിലേക്ക് നീങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |