ന്യൂഡൽഹി: ജനാധിപത്യത്തിന്റെ കറുത്ത ഏടായി അടയാളപ്പെടുത്തിയ, രാജ്യത്ത് കോൺഗ്രസ് തകർച്ചയ്‌ക്ക് കൂടി വഴിമരുന്നിട്ട, അടിയന്തരാവസ്ഥയ്‌ക്ക് ജൂൺ 25ന് 50 വയസ് തികയുന്നു. അടിയന്തരാവസ്ഥക്കാലത്ത് കഷ്‌ടത നേരിട്ട ജനസംഘത്തിൽ നിന്നുണ്ടായ ബി.ജെ.പി കേന്ദ്രഭരണത്തിലും കോൺഗ്രസ് പ്രതിപക്ഷത്തുമിരിക്കുന്ന ദേശീയ രാഷ്‌ട്രീയ സാഹചര്യത്തിലാണ് വാർഷികമെന്നതും ശ്രദ്ധേയം.
പൗരാവകാശങ്ങൾ വിലക്കിയും മാദ്ധ്യമങ്ങൾക്ക് കർശന സെൻസർഷിപ്പ് ഏർപ്പെടുത്തിയും പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ചുമുള്ള ജനാധിപത്യ ധ്വംസനത്തിന്റെ കഥകളുമായാണ് അടിയന്തരാവസ്ഥയുടെ വാർഷികം വീണ്ടും ചർച്ചയാകുന്നത്. അടിയന്തരാവസ്ഥ പിൻവലിച്ചശേഷം നടന്ന 1977ലെ പൊതുതിരഞ്ഞെടുപ്പിൽ ജനതാപാർട്ടി നേടിയ വൻവിജയവും ഇന്ദിരാഗാന്ധിയുടെ പരാജയവും ഇന്ത്യൻ രാഷ്ട‌്രീയത്തിലെ നാഴികക്കല്ലാണ്. കോൺഗ്രസിതര പാർട്ടികൾക്ക് രാജ്യത്ത് വേരൂന്നാൻ അതു ശക്തിയായതായി രാഷ്ട‌്രീയ ചരിത്രം തെളിയിക്കുന്നു.
മായാക്കറയായി അവശേഷിക്കുന്ന അടിയന്തരാവസ്ഥ ഇന്നും കോൺഗ്രസിന് ബാദ്ധ്യതയാണ്. 2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ഭരണം നേടിയ അന്നുമുതൽ ബി.ജെ.പി അടിയന്തരാവസ്ഥയെന്ന ആയുധം കോൺഗ്രസിനെതിരെ ഉപയോഗിക്കുന്നു. നെഹ്റു യുഗത്തേയും കോൺഗ്രസിന്റെ അനിഷേദ്ധ്യ നേതാവായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയേയും അതുവഴി മങ്ങലേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഭരണഘടനാ സംരക്ഷണ പരിപാടികൾ പ്രഖ്യാപിച്ചും മറ്റും പ്രതിരോധിക്കാനുള്ള കോൺഗ്രസ് ശ്രമം ഫലപ്രദമാകുന്നുമില്ല.
'ഭരണഘടന ഹത്യാദിനം"
കേന്ദ്രസർക്കാരും ബി.ജെ.പിയും 25 മുതൽ 'ഭരണഘടന ഹത്യാദിന"മെന്ന പേരിൽ ഒരുവർഷം നീളുന്ന വിപുലമായ പരിപാടികളാണ് തയ്യാറാക്കുന്നത്. എല്ലാവർഷവും ജൂൺ 25ന് 'ഭരണഘടനാ ഹത്യാദിന"മായി ആചരിക്കാൻ കേന്ദ്രസർക്കാർ 2024ൽ തീരുമാനിച്ചിരുന്നു.
ദീപശിഖാ യാത്രകൾ, ഷോർട്ട് ഫിലിം പ്രദർശനം, ബഹുജന സമ്പർക്കം എന്നിവയടക്കം വിപുലമായ പരിപാടികൾ നടത്താൻ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 25ന് ഡൽഹിയിൽ 'ജനാധിപത്യത്തിന്റെ ആത്മാവിനെ" പ്രതിനിധീകരിക്കുന്ന ദീപശിഖായാത്ര ഫ്ളാഗ് ഓഫ് ചെയ്യും. യാത്ര ഒരുവർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി 2026 മാർച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ന്യൂഡൽഹിയിലെ കർതവ്യപഥിൽ സമാപിക്കും. 'ഭരണഘടനാ ഹത്യ ദിവസം" എന്ന പേരിൽ നിർമ്മിക്കുന്ന ഹ്രസ്വചിത്രം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 22ന് വെബ്‌സൈറ്റിൽ ലഭ്യമാക്കും.
രാജ്യത്ത് എല്ലാദിവസവും ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും ചവിട്ടിമെതിക്കപ്പെടുകയാണെന്നും ചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കുമെന്നും പശ്‌ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |