നെയ്യാറ്റിൻകര: മഞ്ഞക്കോട് ഗ്രാമത്തിന്റെ ജലസംഭരണിയായിരുന്ന മഞ്ഞക്കോട് കുളം ഇന്ന് പുല്ലും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ്. കാടും പടർപ്പും പരിസരത്ത് നിറഞ്ഞതോടെ മഞ്ഞക്കോട് ഏലായുടെ ജലസ്രോതസ്സായിരുന്ന ഈ കുളം നാശത്തിന്റെ വക്കിലാണ്. ഈ കുളത്തിലെ വെള്ളമാണ് ഏലായിലെ കൃഷിക്കും സമീപത്തെ അൻപതോളം വീട്ടുകാരും ഉപയാഗിച്ചിരുന്നത്. വാർഡുകൾ തമ്മിലെ അതിർത്തിത്തർക്കം കാരണം പത്ത് വർഷത്തിലേറെയായി അറ്റകുറ്റപ്പണി നടത്താത്തതാണ് ഈ കുളം നശിക്കാനിടയായത്.
അതിയന്നൂർ പഞ്ചായത്തിലെ ശാസ്‌താംതല-അരങ്ങൽ വാർഡുകളുടെ അതിർത്തിയിലാണ് മഞ്ഞക്കോട് കുളം സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ കുളം രേഖപ്പെടുത്തിയിരിക്കുന്നുവെങ്കിലും ഏത് വാർഡിൽപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതാണ് തർക്കത്തിനിടയാക്കിയത്. ഇതോടെ കൃഷിക്കും ദൈനംദിന ഉപയോഗത്തിനും ഈ കുളത്തെ ആശ്രയിച്ചിരുന്ന ജനങ്ങൾ പ്രതിസന്ധിയിലായി.
വാർഡ് പുനർനിർണ്ണയത്തിൽ കുളത്തെ ഉൾപ്പെടുത്തി സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെടുന്നത്.
കുളം വൃത്തിയാക്കിയെങ്കിലും
ഇടക്കാലത്ത് സമീപവാസികളായ യുവാക്കൾ ചേർന്ന് കുളം വൃത്തിയാക്കി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യകൃഷി നടത്തിയിരുന്നു. നാട്ടുകാരുടെയും പ്രദേശത്തെ രണ്ട് വാർഡ് മെമ്പർമാരുടേയും സഹകരണത്തോടെ ഉത്സവ സമാനമായ അന്തരീക്ഷത്തിലാണ് വിളവെടുപ്പ് നടത്തിയത്. എന്നാൽ വാർഡുകൾ തമ്മിലെ അതിർത്തിത്തർക്കം രൂക്ഷമായതോടെ ഉപേക്ഷിക്കപ്പെട്ട കുളം പായലും പുല്ലും മൂടുകയും എക്കലും മാലിന്യവും ഒഴുകിയിറങ്ങി നശിക്കുകയാണ്.
കുളത്തിലെ വെള്ളം മലിനമാകുന്നു
നിലവിൽ കുളത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ കാൽനടപോലും സാദ്ധ്യമാകാതെ കാടുകയറിയ നിലയിലാണ്. കുളത്തിനു ചുറ്റും മരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ ഇലകൾ കൊഴിഞ്ഞും മലിനജലം ഊർന്നിറങ്ങിയും കുളത്തിലെ വെള്ളം മലിനമായ അവസ്ഥയിലാണ്. ഒരിക്കൽ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് വൃത്തിയാക്കിച്ചെങ്കിലും തുടർ പ്രവർത്തനങ്ങൾ ഉണ്ടായില്ല. കുളത്തിനു ചുറ്റുമുള്ള പുറമ്പോക്കു ഭൂമിയിൽ മദ്യപാനശല്യം ഉള്ളതായും പരാതിയുണ്ട്. അവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പെടെ മാലിന്യങ്ങളും ഇവിടെ നിറഞ്ഞുകിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |