കൊച്ചി: ദക്ഷിണേന്ത്യയിലെ ഐ.ടി അടിസ്ഥാനസൗകര്യ വികസന രംഗത്ത് വിപ്ളവം സൃഷ്‌ടിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. കാക്കനാട്ട് സ്‌മാർട്ട് സിറ്റിയിൽ 34 ലക്ഷം ചതുരശ്രയടി വിസ്‌തൃതിയിൽ 30 നിലകളിൽ പൂർത്തിയായ ലുലുവിന്റെ ഇരട്ട ഐ.ടി ടവറിന്റെ ഉദ്ഘാടനം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നർവഹിക്കും.
മലയാളി വ്യവസായി എം.എ. യൂസഫലി ചെയർമാനും മാനേജിംഗ് ഡയറക്‌ടുമായ ലുലു ഗ്രൂപ്പിന്റെ കീഴിലെ ലുലു ഐ.ടി ഇൻഫ്രാ ബിൽഡ് പ്രൈവറ്റ് ലിമിറ്റഡാണ് 1,500 കോടി രൂപ നിക്ഷേപത്തിൽ ഇരട്ട ടവർ നിർമ്മിച്ചത്. ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ ഒന്ന്, രണ്ട് എന്നിവയ്‌ക്ക് പുറമെയാണ് രാജ്യത്തെ ഏറ്റവും ഉയരമുള്ള ഐ.ടി കെട്ടിടം സ്‌മാർട്ട്സിറ്റിയിൽ നിർമ്മിച്ചത്. ആദ്യഘട്ടത്തിൽ 1,500 പേർക്കും പുർണമാകുമ്പോൾ 25,000 പേർക്കും തൊഴിൽ ലഭിക്കും. നാല് അന്താരാഷ്ട്ര ഐ.ടി കമ്പനികൾ ടവറിൽ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. പ്രമുഖ കമ്പനികളുമായി ചർച്ചകൾ തുടരുകയാണെന്ന് ലുലു അധികൃതർ പറഞ്ഞു.
പരിചയസമ്പന്നരായ വിദഗ്ദ്ധരുടെയും യുവ എൻജിനീയർമാരുടെയും ലഭ്യതയും കൊച്ചിയുടെ ഐ.ടി പ്രാധാന്യവും ലുലു ഇരട്ട ടവറിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു.
ഇരട്ട ടവർ വിശേഷങ്ങൾ
1500 കോടി നിക്ഷേപം
12.74 ഏക്കർ സ്ഥലം
ഏറ്റവും ഉയരമുള്ള ഐ.ടി ടവറുകൾ
ഉയരം 151.22 മീറ്റർ
നിലകൾ 30
വിസ്‌തൃതി 34 ലക്ഷം ചതുരശ്രയടി
ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റ്
4,300 കാറുകൾക്ക് റോബോട്ടിക് പാർക്കിംഗ്
പരിസ്ഥിതി സൗഹൃദ നിർമ്മാണം
ഐ.ടി ജീവനക്കാർക്ക് വിപുല സൗകര്യങ്ങൾ
2,000 ഇരിപ്പിടങ്ങളുള്ള ഫുഡ് കോർട്ടുകൾ
67 ലിഫ്റ്റുകൾ, 12 എസ്‌കലേറ്ററുകൾ
ബിസിനസ് സെന്ററുകൾ
ബാങ്കുകൾ, എ.ടി. എമ്മുകൾ
ഔട്ട് ഡോർ ജിംനേഷ്യം
യോഗങ്ങൾക്ക് ഓഡിറ്റോറിയങ്ങൾ
കുട്ടികൾക്കായി ക്രഷ് സൗകര്യം
കഫേകൾ, റീട്ടെയിൽ സ്‌പേയ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |