തിരുവനന്തപുരം:ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ സ്വകാര്യത പൂർണമായും ഉറപ്പു വരുത്തുമെന്നും ഏതെങ്കിലും തരത്തിൽ അത്തരം സ്വകാര്യതകൾ ലംഘിച്ചാൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും 'നോ ടു ഡ്രഗ്സ് 'അഞ്ചാംഘട്ടത്തിന്റെ തുടക്കവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തകർക്കാം ചങ്ങലകൾ, എല്ലാവർക്കും പ്രതിരോധവും ചികിത്സയും വീണ്ടെടുക്കൽ' എന്നതാണ് ഇത്തവണത്തെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ മുഖ്യ വാക്യം.
കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു കൊണ്ട് അവരെ വലയിലാക്കാൻ തക്കം പാർത്തു നടക്കുന്ന സംഘങ്ങളെ തകർക്കാൻ കഴിയണം. ഇതിനായി കേരളം വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.2026 ജനുവരി 30 വരെ നീണ്ടുനിൽക്കുന്നതാണ് അഞ്ചാം ഘട്ടം.സമ്പൂർണ്ണ ലഹരി വിമുക്ത കുടുംബമാണ് അതിൽ ആദ്യത്തേത്. മികച്ച ലഹരി വിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്ന റസിഡൻസ് അസോസിയേഷനുകൾക്ക് താലൂക്കടിസ്ഥാനത്തിൽ പുരസ്കാരം നൽകും. കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാൽ ബാഗ് പരിശോധിക്കുന്നതിനും അധ്യാപകർ മടിക്കേണ്ടതില്ല. അതിന്റെ പേരിൽ ആരെങ്കിലും വ്യാജപരാതി കൊടുക്കുമെന്ന ഭയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിയുടെ വശങ്ങളെക്കുറിച്ച് ബോധമുണ്ടാക്കുന്നതിനും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 10 പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു..മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, ആർ.ബിന്ദു, വീണാ ജോർജ്, വി.കെ പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, അഡി. ചീഫ് സെക്രട്ടറി ജ്യോതിലാൽ, അഡീഷണൽ എക്സൈസ് കമ്മീഷണർ കെ.എസ് ഗോപകുമാർ, പള്ളിയറ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |