തിരുവനന്തപുരം: ശസ്ത്രക്രിയ മുടങ്ങിയ സാഹചര്യമുൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് അന്വേഷണ സംഘത്തിന് മുന്നിലും തെളിവു സഹിതം നിരത്തി.
ചുമതലയേറ്റശേഷം മാറ്റിവയ്ക്കേണ്ടിവന്ന ശസ്ത്രക്രിയകളുടെ എണ്ണം, ഉപകരണത്തിനായി പലവട്ടം നൽകിയ അപേക്ഷകളുടെ പകർപ്പ്, ഉപകരണം വാങ്ങാനായി രോഗികളെകൊണ്ട് നേരിട്ട് കമ്പനിയ്ക്ക് പണം നൽകിയതിന്റെ തെളിവുകൾ ഉൾപ്പെടെ ബോധ്യപ്പെടുത്തി.
ഞായറാഴ്ച ആശുപത്രിയിലെത്തിയ അദ്ദേഹം തെളിവിനുള്ള രേഖകളെല്ലാം എടുത്താണ് മടങ്ങിയത്. പരസ്യമായി പ്രതികരിക്കേണ്ടിവന്ന സാഹചര്യവും വിശദീകരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യൂറോളജി വിഭാഗത്തിലെ മറ്റു ഡോക്ടർമാരുടെയും മൊഴി എടുത്തു. ഉപകരണങ്ങളുടെ സ്ഥിതി പരിശോധിച്ചു.സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം തുടങ്ങിയതു മുതലുള്ള ശസ്ത്രക്രിയകളുടെ രേഖകളും വിലയിരുത്തി.
വായടപ്പിക്കാൻ
നടപടിക്ക് സാദ്ധ്യത
നടപടിക്രമങ്ങളിലെ കാലതാമസമാണുള്ളതെന്നും അത് രോഗികളെ സാരമായി ബാധിക്കുന്ന സ്ഥിതിയില്ലെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പി.കെ.ജബ്ബാർ, സൂപ്രണ്ട് സുനിൽകുമാർ എന്നിവർ മൊഴി നൽകി. ഫയലുകൾ കെട്ടിക്കിടക്കുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി. ഇതിനെ പിടിവള്ളിയാക്കി ഡോ. ഹാരിസിനെതിരെ നടപടി ഉണ്ടായേക്കും. മറ്റു ഡോക്ടർമാരും തുറന്നു പറച്ചിൽ നടത്തുമെന്ന് സർക്കാരിന് ആശങ്കയുണ്ട്. അതു തടയുകയാണ് ലക്ഷ്യം. ഡോ.ഹാരിസിന് പൊതുസമൂഹത്തിൻെറ പിന്തുണയുള്ളതിനാൽ കടുത്ത നടപടികളിലേക്ക് കടക്കില്ല.
9994 കോടി അനുവദിച്ചു:
മന്ത്രി ബാലഗോപാൽ
ആരോഗ്യവകുപ്പിന് ബഡ്ജറ്റ് തുക വെട്ടിക്കുറച്ചിട്ടില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം 9667കോടിരൂപയാണ് വകയിരുത്തിയത്. അനുവദിച്ചത് 9994 കോടി. 700 തസ്തികകൾ സൃഷ്ടിക്കാൻ പ്രത്യേക അനുമതിയും നൽകി.ആരോഗ്യവകുപ്പിനെ ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. ഈ വർഷം 10432 കോടിയാണ് വകയിരുത്തിയത്. ആദ്യ മൂന്ന് മാസത്തിനുള്ളിൽ 25% അനുവദിച്ചു. ഇതുവരെ 2504 കോടിയാണ് കൈമാറിയത്.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പ്രതികരണ രീതി ശ്രദ്ധിക്കണം.
എല്ലാപ്രശ്നങ്ങളും പറയാൻ സ്വാതന്ത്ര്യമുണ്ട്.അതിനുള്ള വേദികൾ ഉപയോഗിക്കണം.
-മന്ത്രി വീണാ ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |