കൊച്ചി: മൂവാറ്റുപുഴയിലെ ബി.എസ്.എൻ.എൽ ഓഫീസുകളിലും ക്വാർട്ടേഴ്സുകളിലും കള്ളന്മാരുടെ വിളയാട്ടം. മൂവാറ്റുപുഴ പൊലീസിൽ മാത്രം ബി.എസ്.എൻ.എല്ലിന്റെ പത്തിലേറെ പരാതികളുണ്ട്. കേസെടുത്ത അഞ്ചു പരാതികളിൽ നാലിലും ആക്രിപെറുക്കികൾ പിടിയിലായി. ചെമ്പുകമ്പികളുള്ള കേബിളുകളും ആളൊഴിഞ്ഞ പഴയ കെട്ടിടങ്ങളിലെയും ക്വാർട്ടേഴ്സുകളിലെയും വയറിംഗുകളുമാണ് കള്ളന്മാരുടെ പ്രിയ ഇനങ്ങൾ. അന്യസംസ്ഥാനക്കാരാണ് കൊള്ള നടത്തുന്നതെന്നാണ്സൂചന.
കേബിളുകൾ ശേഖരിച്ച മൂവാറ്റുപുഴ ടെലിഫോൺ എക്സ്ചേഞ്ച് സ്റ്റോറിൽ നിരന്തരം കയറുന്ന കള്ളന്മാരുടെ ക്യാമറ ദൃശ്യങ്ങളും പൊലീസിൽ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. വാഴപ്പിള്ളിയിലെ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിൽ കഴിഞ്ഞ ദിവസം രാത്രി കള്ളന്മാർ പൂട്ടുപൊളിച്ചു കയറി വയറുകൾ അപഹരിച്ചു. ഇതിന്റെ പരാതിയിലും മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന വാഴക്കുളത്തെ എക്സ്ചേഞ്ച്, മൂവാറ്റുപുഴ സി.ടി.ഒ.ഓഫീസ്, ആളൊഴിഞ്ഞ മൂവാറ്റുപുഴ ക്വാർട്ടേഴ്സുകൾ എന്നീ കെട്ടിടങ്ങളിലെ വയറിംഗുകളിൽ അല്പം പോലും അവശേഷിച്ചിട്ടില്ല.
ക്യാമറയും അലാറവും
വച്ചിട്ടും രക്ഷയില്ല!
ഒരേക്കർ വളപ്പിലെ മതിലും അതിന് മുകളിലെ കമ്പിവേലിയും കടന്നാണ് മോഷ്ടാക്കൾ എത്തുന്നത്. വളപ്പിൽ സൂക്ഷിക്കുന്ന കേബിൾ കഷണങ്ങൾ കടത്തുന്നത് തടയാൻ പഴയ കാർഷെഡ് ഗ്രില്ലിട്ട് സ്റ്റോർ മുറിയാക്കി അവിടെയാണ് ഇപ്പോൾ സൂക്ഷിക്കുന്നത്. എന്നിട്ടും ഷെഡിന്റെ ആസ്ബസ്റ്റോസ് മേൽക്കൂര പൊളിച്ച് അകത്തുകയറി കേബിളുകൾ കടത്തി.
മൂവാറ്റുപുഴ ടെലിഫോൺ എക്സ്ചേഞ്ചിൽ രാപ്പകൽ സെക്യൂരിറ്റിയെ നിയോഗിച്ചിട്ടും മോഷൻ ഡിറ്റക്ടർ ക്യാമറയും അലാറവും വച്ചിട്ടും രക്ഷയില്ല. ഞായർ, വ്യാഴം രാത്രികളിലും മോഷ്ടാക്കൾ സ്റ്റോറിൽ കടക്കാൻ ശ്രമിച്ചിരുന്നു. അലാറം അടിച്ചപ്പോൾ രക്ഷപ്പെട്ടു.
കാടുകയറിക്കിടക്കുകയാണ് ഈ വളപ്പ്. ഇതിന് പിന്നിലെ ക്വാർട്ടേഴ്സ് വളപ്പിൽ തന്നെയിട്ടാണ് കേബിൾ പൊളിച്ച് ചെമ്പുകമ്പിയെടുക്കുന്നത്. ഈ പ്രദേശം മുഴുവൻ കേബിളിന്റെ പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ നിറഞ്ഞു കിടക്കുകയാണ്.
ദശലക്ഷങ്ങളുടെ കവർച്ച
ടൗൺ വികസനത്തിന്റെയും റോഡ് വികസനത്തിന്റെയും ഭാഗമായി മുറിച്ച് നീക്കം ചെയ്യുന്ന അണ്ടർഗ്രൗണ്ട് ഇൻസുലേറ്റഡ് കോപ്പർ കേബിളുകളാണ് കള്ളന്മാരുടെ ഇഷ്ടചരക്ക്. ചെമ്പിന് കിലോ 900 രൂപയാണ് വില. ദശലക്ഷങ്ങളുടെ കേബിളുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അവശേഷിച്ചവ ഒരു വർഷത്തിനിടെ രണ്ട് വട്ടമായി ഒന്നേകാൽ കോടിയോളം രൂപയ്ക്ക് ബി.എസ്.എൻ.എൽ ലേലം ചെയ്തു. മോഷണമുതൽ വാങ്ങുന്ന മൂവാറ്റുപുഴയിലെ ആക്രിക്കച്ചവടക്കാരെ പിടികൂടിയാൽ ഈ പ്രശ്നം അവസാനിപ്പിക്കാമെങ്കിലും പൊലീസ് അതിന് മുതിരുന്നില്ലെന്നാണ് പരാതികൾ. കേബിൾ മോഷ്ടിക്കുന്നത് ആക്രി പെറുക്കുന്നവരാണെന്നും ബി.എസ്.എൻ.എൽ സെക്യൂരിറ്റിയെ നിയോഗിക്കണമെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |