മലപ്പുറം: ആരോഗ്യവകുപ്പ് ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ നിന്ന് ശേഖരിച്ച കണക്ക് പ്രകാരം ജില്ലയിൽ ജനന നിരക്ക് താഴേക്ക്. 2018-19 സാമ്പത്തിക വർഷത്തിലെ ജനന നിരക്കായ 92,769 എന്നാൽ 2024-25 എത്തിയപ്പോൾ 69,407 ആയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനന നിരക്ക് കുറയുന്നുവെന്ന റിപ്പോർട്ട് വരുന്നതിനിടെയാണ് സംസ്ഥാനത്തും സമാന സാഹചര്യമുള്ളത്.
2024-25 വർഷത്തെ ജില്ലയിലെ ജനന നിരക്ക് കഴിഞ്ഞ 11 വർഷത്തിനിടെ ഏറ്റവും കുറഞ്ഞതാണ്. 2022-2023 കാലയളവിൽ ജില്ലയിൽ ജനിച്ചത് 89,801 കുട്ടികളാണ്. എന്നാൽ, 2023-2024 കാലയളവിൽ ഇത് 78,486ലെത്തി. ഈ വർഷം ജൂൺ വരെ 15,785 കുട്ടികളാണ് ജനിച്ചത്.
2022-23ൽ 45,784 ആൺകുട്ടികളും 44,017 പെൺകുട്ടികളുമാണ് ജനിച്ചത്. 2023-2024ൽ 40,036 ആൺകുട്ടികളും 38,450 പെൺകുട്ടികളുമാണ് ജനിച്ചത്. 2024-25ൽ 35,224 ആൺകുട്ടികളും 34,183 പെൺകുട്ടികളും ജനിച്ചു. ജനനത്തിൽ ഓരോ വർഷവും പെൺകുട്ടികൾ ആനുപാതികമായി കുറവാണ്.
ജോലികൾക്കും പഠനത്തിനും അവസരം തേടി ആളുകളുടെ വിദേശത്തേക്കുള്ള കുടിയേറ്റവും ജീവിത സാഹചര്യങ്ങളിലെ മാറ്റങ്ങളും ഒറു കുട്ടി മതി എന്ന രക്ഷിതാക്കളുടെ തീരുമാനവും ജനന നിരക്ക് കുറയാൻ കാരണമായിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനന നിരക്കിൽ വലി കുറവ് വന്ന സാഹചര്യമാണുള്ളത്.
വർഷം ജനന നിരക്ക്
2015-16---- 86,867
2016-17-----88,034
2017-18 ----91,363
2018-19----92,769
2019-20---90,044
2020-21---83,246
2021-22--- 87,843
2022-23 ----- 89,801
2023-24---- 78,486
2024-25 --- 69,407
2025-26 (ജൂൺ വരെ) ---- 15,785
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |