ന്യൂഡൽഹി: കർണാടക ധർമ്മസ്ഥലയിലെ ദുരൂഹമരണങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ രാജ്യസഭാംഗം പി. സന്തോഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ലക്ഷക്കണക്കിനാളുകൾ പവിത്രഭൂമിയായി കരുതുന്ന സ്ഥലത്ത് പതിറ്റാണ്ടുകളോളം സ്ത്രീകളെ ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നതെന്ന ആരോപണമാണുയരുന്നതെന്ന് എം.പി പറഞ്ഞു. നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ രഹസ്യമായി സംസ്‌കരിക്കാൻ നിർബന്ധിക്കപ്പെട്ടുവെന്ന ധർമ്മസ്ഥലയിലെ ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലും ചൂണ്ടിക്കാട്ടി. 1995നും 2014നും ഇടയിൽ 500ലേറെ മനുഷ്യശരീരങ്ങൾ മറവുചെയ്തെന്നാണ് ഇയാൾ പറഞ്ഞത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പതിറ്റാണ്ടുകളായി നടന്നത്. പലപ്പോഴായി മൃതദേഹങ്ങൾ കണ്ടെത്തിയപ്പോഴും ആളുകളെ കാണാതായപ്പോഴും നടപടിയെടുക്കാത്ത സർക്കാരാണ് കുറ്റകൃത്യം വളരാൻ സാഹചര്യമൊരുക്കിയതെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |