കണ്ടൽചെടികൾ നഴ്സറിയിലെന്ന് വനംവകുപ്പ്
പയ്യന്നൂർ : കുഞ്ഞിമംഗലം പൊരുണി വയലിനോട് ചേർന്നുള്ള ഭാഗത്ത് നശിപ്പിക്കപ്പെട്ട കണ്ടൽ ചെടികൾ പുനസ്ഥാപിക്കണമെന്ന 2023 ഏപ്രിൽ 13ലെ ഹൈക്കോടതി ഉത്തരവ് ഇനിയും നടപ്പാക്കപ്പെട്ടില്ല. റോഡ് നിർമ്മാണത്തിനായി ഇട്ട കോൺക്രീറ്റ് കെട്ടിടാവശിഷ്ടങ്ങളും മറ്റും നീക്കി വീണ്ടും കണ്ടൽചെടികൾ നട്ടുപിടിപ്പിക്കണമെന്നാണ് ജില്ലാ കളക്ടർക്കും വനം വകുപ്പ്, കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി അധികൃതർക്കും നൽകിയ മാർഗനിർദ്ദേശം.
കണ്ടൽ നശിപ്പിച്ച് റോഡ് നിർമ്മിച്ചതിനെതിരെ പരിസ്ഥിതി പ്രവൃത്തകൻ പി.പി.രാജൻ ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് സി.ആർ.സെഡിൽ പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുവാനും മാലിന്യം നീക്കി കണ്ടൽ ചെടികൾ നടുന്നതിനുള്ള ചിലവ് പ്രതികളിൽ നിന്ന് ഈടാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതെ ഹരജിയിൽ 2025 ജൂലായ് 4ന് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേട്ടിരുന്നു.
കോടതി ഉത്തരവിലെ നിർദ്ദേശങ്ങൾ രണ്ടുവർഷം കഴിഞ്ഞിട്ടും പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വനം വകുപ്പ് സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ കണ്ടൽ ചെടി തൈകളുടെ നഴ്സറി പ്രവർത്തനം പുരോഗമിക്കുന്നുവെന്നും ഒക്ടോബർ മാസത്തോടെ കണ്ടൽ നട്ടുപിടിപ്പിക്കുവാൻ കഴിയുമെന്നുമാണ് ബോധിപ്പിച്ചത്. എന്നാൽ ഇത് അസ്വീകാര്യമായ വിശദീകരണമാണെന്നുമാണ് ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തിയത്. വനം വകുപ്പ് വരുത്തിയ വീഴ്ചയെ കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകുവാനും കണ്ടൽ പുനഃസ്ഥാപനത്തിന് വേണ്ട കൃത്യമായ സമയക്രമം സമർപ്പിക്കാനും ഉത്തര മേഖല ഫോറസ്റ്റ് കൺസെർവേറ്ററോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെയുണ്ട് കണ്ടലുകൾക്കായി ജീവിതം സമർപ്പിച്ചവർ
കണ്ടലിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് കുഞ്ഞിമംഗലത്ത് 43 ഏക്കർ കണ്ടൽക്കാടുകൾ വിലകൊടുത്ത് വാങ്ങി സംരക്ഷിക്കുന്ന പരിസ്ഥിതിപ്രവർത്തകരുമുണ്ട്. കണ്ടലുകൾ വ്യാപകമായി നശിപ്പിക്കപ്പെടുമ്പോഴാണ് ഇവർ സംരക്ഷണത്തിനായി കൈയും മെയ്യും മറന്ന് നീങ്ങുന്നത്. ആകെ 589.5 കിലോമീറ്റർ തീരദേശമുള്ള കേരളത്തിൽ 17 ച.കിലോമീറ്റർ (1782 ഹെക്ടർ ) പ്രദേശത്ത് മാത്രമാണ് കണ്ടൽക്കാടുകളുള്ളത്. കേരളത്തിന്റെ ആകെയുള്ള കണ്ടൽ വിസ്തൃതിയുടെ 8.08 ശതമാനവും (1.374 ച.കിലോമീറ്റർ) കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്താണ്.
ഭാവിക്ക് വേണ്ടി തണ്ണീർത്തട സംരക്ഷണം
" നമ്മുടെ ഭാവിക്കായി തണ്ണീർതടങ്ങളെ സംരക്ഷിക്കുക " എന്നതാണ് ഈ വർഷത്തെ ലോക കണ്ടൽ ദിന സന്ദേശം.
കരയിലെ സാധാരണ വ്യക്ഷലതാദികളെക്കാൾ അന്തരീക്ഷത്തിൽ നിന്നും അഞ്ചിരട്ടി കാർബൺ ഡൈഓക്സൈഡ് വലിച്ചെടുത്ത് കണ്ടൽ ചെടി വേരുകളിലൂടെ മണ്ണിൽ സൂക്ഷിക്കുന്നുണ്ട്. കണ്ടൽക്കാടുകളെ നശിപ്പിക്കുമ്പോൾ ഇങ്ങനെ സംഭരിക്കപ്പെട്ട കാർബൺ ഹരിതഗൃഹ വാതകങ്ങളായി പുറന്തള്ളപ്പെടും അത് ആഗോള താപനത്തെ ത്വരിതപ്പെടുത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |