തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിലും കേരള സ്റ്രേറ്റ് ബിവറേജസ് കോർപ്പറേഷന്(ബെവ്‌കോ ശുഭകരമായ തുടക്കം. ഏപ്രിൽ ഒന്ന് മുതൽ ജൂലായ് 20 വരെയുള്ള കാലയളവിൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വില്പനയിൽ 296.09 കോടിയുടെ വർദ്ധനയുണ്ടായി. ബിയറിന്റെ വില്പനയിൽ മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ നേരിയ കുറവുണ്ട്.
ജൂലായ് 20 വരെ വെയർഹൗസുകളും ചില്ലറ വില്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു. നികുതിയിനത്തിൽ സർക്കാരിലേക്ക് 5471.42 കോടി നൽകി (കഴിഞ്ഞ വർഷം 5215.29 കോടി). ചില്ലറ വില്പന ശാലകൾ വഴി 54.10 ലക്ഷം കെയ്സ് മദ്യമാണ് വിറ്റത് (കഴിഞ്ഞ വർഷം 53.53 ലക്ഷം). വെയർഹൗസുകൾ വഴിയുള്ള വില്പന 17.02 ലക്ഷം കെയ്സായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 19.5 കോടിയിലധികം നേടി റെക്കാഡ് വിറ്റുവരവാണ് ബെവ്കോ നേടിയത്.
സ്കോച്ചിന് വില കുറഞ്ഞേക്കും
ബ്രിട്ടണുമായുള്ള സമഗ്ര സാമ്പത്തിക വാണിജ്യ കരാർ നടപ്പാവുന്നതോടെ കേരളത്തിൽ സ്കോച്ചിന് വില കുറഞ്ഞേക്കും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് പുറമെ വിദേശ നിർമ്മിത വിദേശമദ്യവും (എഫ്.എം എഫ് .എൽ)ബെവ്കോ വഴി വിൽക്കുന്നുണ്ട്. വില്പന നികുതിയിൽ ഇളവ് നൽകിയിട്ടും വിപണിയിൽ വലിയ ചലനമുണ്ടാക്കാൻ എഫ്.എം എഫ് .എല്ലിന് കഴിഞ്ഞിരുന്നില്ല.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 251 ശതമാനം നികുതി ഈടാക്കുമ്പോൾ വിദേശ നിർമിത വിദേശ മദ്യത്തിന് ഇത് 86 ശതമാനമാണ്. ഇതിന് പുറമെ പുതിയ കരാർ പ്രകാരമുള്ള നികുതി ഇളവ് കൂടി വരുന്നത് വലിയ വിലയുള്ള വിദേശ വിസ്കി താരതമ്യേന ചെറിയ വിലയ്ക്ക് ലഭിക്കാൻ വഴിയൊരുക്കും. പക്ഷെ ഇത് നടപ്പിൽ വരാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരും. ജോണിവാക്കർ,ഷിവാസ് റീഗൽ, ടീച്ചേഴ്സ്, ഗ്ളെൻഗെറി തുടങ്ങിയ ബ്രാൻഡുകളും ടോം ആൻഡ് മ്യൂ ജിന്നുമാണ് ഇവിടെ കൂടുതൽ പ്രിയമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |