ന്യൂഡൽഹി: പഹൽഗാമിനും ഓപ്പറേഷൻ സിന്ദൂറിന് ശേഷം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സർക്കാരിനെതിരെ ചോദ്യ ശരങ്ങളുമായി പ്രതിപക്ഷം. ഭീകരതയ്‌ക്കെതിരെ ആഗോള സന്ദേശം നൽകാൻ കഴിഞ്ഞ ഓപ്പറേഷൻ സിന്ദൂർ വിജയമാണെന്ന് സർക്കാരും. ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണത്തെ ചൊല്ലി പ്രതിപക്ഷ ഇടഞ്ഞതിനാൽ വൈകി തുടങ്ങിയ ഓപ്പറേഷൻ സിന്ദൂർ ചർച്ച ലോക്‌സഭയിൽ രാത്രിയും തുടർന്നു. ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും. രാജ്യസഭയിലും ഇന്ന് ചർച്ചയ്‌ക്ക് തുടക്കമിടും.
ഇന്നലെ ഉച്ചയ്‌ക്ക് 12ന് ഓപ്പറേഷൻ സിന്ദൂർ ചർച്ച തുടങ്ങാൻ സമ്മതിച്ച പ്രതിപക്ഷം ചുവടു മാറ്റി. ബീഹാറിലെ വോട്ടർ പരിഷ്‌കരണ നടപടിയെക്കുറിച്ച് ആദ്യം ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് രാവിലെ മുതൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചു.
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്‌ത്രീകളെ അറസ്റ്റു ചെയ്‌ത വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാരുടെ പ്രതിഷേധവും നടന്നു. കോൺഗ്രസ് എം.പി ആന്റോ ആന്റണി കടലാസ് കീറി സ്‌പീക്കറുടെ കസേരയ്‌ക്കു നേരെ എറിഞ്ഞു. ബഹളത്തെ തുടർന്ന് 12വരെ ലോക്‌സഭ നിറുത്തിവച്ചു. 12ന് സമ്മേളിച്ചപ്പോഴും ബഹളം തുടർന്നപ്പോൾ സ്‌പീക്കർ ഓം ബിർള സഭ രണ്ടു വരെ നിറുത്തിവച്ചു.
2ന് സഭ സമ്മേളിച്ചപ്പോൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ചർച്ചയ്‌ക്ക് തുടക്കം കുറിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, അനുരാഗ് താക്കൂർ,രാജീവ് രഞ്ജൻ(ജെ.ഡി.യു),ബൈജയന്ത് പാണ്ഡ,തേജസ്വി സൂര്യ(ബി.ജെ.പി) തുടങ്ങിയവർ സർക്കാർ വാദങ്ങൾ നിരത്തി.
പ്രതിപക്ഷത്തുനിന്ന് ആദ്യം പ്രസംഗിച്ചത് കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. കല്യാൺ ബാനർജി(തൃണമൂൽ),സുപ്രിയ സുലേ(എൻ.സി.പി), പ്രണിതി ഷിൻഡേ(കോൺഗ്രസ്), അരവിന്ദ് സാവന്ത്(ശിവസേന), കേരളത്തിൽ നിന്ന് കേരളകോൺഗ്രസ് എം.പി ഫ്രാൻസിസ് ജോർജ്, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
വിദേശ രാജ്യങ്ങളെ വിശ്വാസം: ഷാ
ജയശങ്കർ സംസാരിക്കുമ്പോൾ തടസപ്പെടുത്തിയ പ്രതിപക്ഷത്തിന് വിദേശ രാജ്യങ്ങളെയാണ് വിശ്വാസമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കളിയാക്കി. ചില പാർട്ടികളിലെ വിദേശ ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നുവെന്നും സോണിയാ ഗാന്ധിയുടെ ഇറ്റലി ബന്ധം സൂചിപ്പിച്ച ഷാ പറഞ്ഞു. പ്രതിപക്ഷം അടുത്ത 20 വർഷവും പ്രതിപക്ഷത്ത് ഇരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
മൗന വ്രതത്തിലെന്ന് ശശി തരൂർ
സർവകക്ഷി സംഘവുമായി യു.എസ് അടക്കം അഞ്ച് വിദേശ രാജ്യങ്ങളിൽ 'ഓപ്പറേഷൻ സിന്ദൂർ' വിശദീകരിച്ച ശശി തരൂർ എം.പി ലോക്‌സഭയിൽ ഇന്നലെ ആരംഭിച്ച ചർച്ചയിൽ പങ്കെടുക്കുന്നില്ല. പങ്കെടുക്കാൻ താത്പര്യമില്ലെന്ന് തരൂർ അറിയിച്ചെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ഇക്കാര്യത്തെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മൗനവ്രതമാണെന്ന് തരൂർ പ്രതികരിച്ചു.
ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ കേന്ദ്ര അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് തരൂർ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായത്. ലോക്സഭയിലും അതേ നിലപാട് ആവർത്തിക്കാനിടയുള്ളതിനാൽ തരൂർ ലോക്‌സഭയിൽ സംസാരിക്കാൻ പാർട്ടി നേതൃത്വം ആഗ്രഹിച്ചില്ല. ഇതു മനസിലാക്കി തരൂർ പിൻമാറിയെന്നാണ് സൂചന.
ലോക്സഭയിലെ ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,ഉപനേതാവ് ഗൗരവ് ഗൊഗോയ്, എം.പിമാരായ പ്രിയങ്ക ഗാന്ധി, ദീപേന്ദർ ഹൂഡ, പരിണീതി ഷിൻഡെ, ഷാഫി പറമ്പിൽ, മാണിക്കം ടാഗോർ തുടങ്ങിയവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |