പാലക്കാട്: സംസ്ഥാനത്ത് ഈ സംരംഭക വർഷത്തിൽ 31 ശതമാനം പുതിയ സംരംഭകരും സ്ത്രീകളെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിന്റെ 'മിഷൻ 1000' പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് ജില്ലയിൽ ആദ്യമായി നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന നെന്മാറ മാക്സ് സുപ്രീം ടെക്സ്‌റ്റൈൽസ് ലിമിറ്റഡിന്റെ രണ്ടാമത് യൂണിറ്റ് ഉദ്ഘാടനവും സ്വിച്ച് ഓൺകർമ്മവും നിർവഹിക്കുകയായിരുന്നു മന്ത്രി. കമ്പനിയിൽ പ്രദേശവാസികളായ സ്ത്രീകളാണ് ജോലി ചെയ്യുന്നത് എന്നത് പ്രചോദനമാവുന്നതാണ്. സ്ത്രീകൾക്ക് വരുമാനമുണ്ടായാൽ സ്ത്രീപദവി ഉയരും. വീടിനടുത്ത് തന്നെ ജോലി ലഭിക്കുന്നതും വലിയ കാര്യമാണ്. കേരളത്തിലെ വീടുകളിലാണ് അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്ളതെന്നും കണക്കിലെടുത്താണ് വിജ്ഞാന കേരളം പദ്ധതി സർക്കാർ ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വ്യവസായ പാർക്ക് ആദ്യം ഉദ്ഘാടനം ചെയ്തത് പാലക്കാട് ജില്ലയിലാണ്. കൊച്ചി ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായി 1710 ഏക്കറിലാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി വരുന്നത്. അവിടെ 50ശതമാനത്തോളം ഇൻഡസ്ട്രിയും അതോടൊപ്പം ടൗൺഷിപ്പ്, പൊതുയിടങ്ങൾ, കൺവെൻഷൻ സെന്റർ ഉൾപ്പെടെയുള്ള അത്യാധുനിക സിറ്റിയായിരിക്കും വരാനിരിക്കുന്നത്. തൃശ്ശൂർ, മലപ്പുറം, തമിഴ്നാട് ഉൾപ്പെടുത്തി വിവിധ വ്യവസായങ്ങൾക്കും സാധ്യത വർധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആയിരം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർക്ക് നൂറുകോടി വരുമാനമുണ്ടാക്കുക എന്നതാണ് 'മിഷൻ 1000' പദ്ധതിയുടെ ലക്ഷ്യം. സംരംഭക വർഷം പദ്ധതി ആരംഭിച്ച് മൂന്നു വർഷം കൊണ്ട് മൂന്നരലക്ഷം പുതിയ സംരംഭങ്ങൾ ഉണ്ടായി. ഏഴേകാൽ ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടായതായും മന്ത്രി കൂട്ടിച്ചേർത്തു. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായ പരിപാടിയിൽ കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി, വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, നെന്മാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പ്രകാശൻ, വാർഡ് അംഗം ശ്രീജ മുരളി, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പി.വിഷ്ണുരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബെനഡിക്ട് വില്യം ജോൺസ്, മാക്സ് സുപ്രീം ടെക്സ്‌റ്റൈൽസ് ലിമിറ്റഡ് ഡയറക്ടർ ബിജു ഉതുപ്പ്, പാലക്കാട് കെ.എഫ്.സി ചീഫ് മാനേജർ എം.ആർ.അരുൺ, പാലക്കാട് കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് ദേവദാസ്, മാക്സ് സുപ്രീം ടെക്സ്‌റ്റൈൽസ് ലിമിറ്റഡ് എം.ഡി സാജു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |