ആലപ്പുഴ : കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായുള്ള ഗതാഗതപരിഷ്കാരത്തിന് മുന്നോടിയായുള്ള ട്രയൽറണ്ണിൽ നഗരയാത്ര ദുരിതപൂർണമായി. ഗതാഗത പരിഷ്കാരങ്ങളറിയാത്തവരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബസിറങ്ങിയവരും വട്ടംചുറ്റി.
ഇന്നലെ മുതലാണ് പ്രൈവറ്റ് ബസ് സ്റ്റാന്റ്, കെ.എസ്.ആർ.ടി.സി, ബോട്ട് ജെട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് വൈ.എം.സി.എയിലും ബോട്ട് ജെട്ടിയിലുമായി അടയ്ക്കുകയും ഗതാഗതം വഴിതിരിക്കുകയും ചെയ്തത്. എസ്.എഫ്.ഐ, എൻ.ജി.ഒ യൂണിയൻ തുടങ്ങിയ സംഘടനകളുടെ പ്രകടനത്തിന് കൂടി ഇന്നലെ നഗരം വേദിയായതോടെ ദുരിതമേറി. വാടക്കനാലിന്റെ തെക്കേക്കരയിലെ റോഡിനൊപ്പം മുല്ലയ്ക്കൽ - കോടതിപ്പാലം റോഡും പാലത്തിന്റെ ഇരുകളിലും അടച്ചതിനാൽ വൈ.എം.സി.എയ്ക്കും ഔട്ട് പോസ്റ്രിനും ഇടയിലുളള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം അവതാളത്തിലായി. കോടതി, മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ഓഫീസ് തുടങ്ങിയ ഓഫീസുകളിലെത്തേണ്ട ജീവനക്കാരും പൊതുജനങ്ങളും വലഞ്ഞു. റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രക്കാർ ബോട്ട് ജെട്ടി ഭാഗത്തെത്താൻ ഏറെ കഷ്ടപ്പെട്ടു.
വടക്കുനിന്നും തെക്കുനിന്നുമുള്ള വാഹനങ്ങൾ ഒരേ പോലെ വരുന്നതിനാൽ പിച്ചു അയ്യർ ജംഗ്ഷനിലും പഴവങ്ങാടിയിലും രാവിലെയും വൈകുന്നേരവും വലിയ വാഹനക്കുരുക്കാണനുഭവപ്പെട്ടത്. ചുങ്കംപാലം, ഇരുമ്പ് പാലം ജംഗ്ഷനുകളിലും വാഹനങ്ങൾ ക്യൂ കിടക്കേണ്ടിവരുന്നുണ്ട്.
വിലയിരുത്തൽ ഇന്ന്, ആവശ്യമെങ്കിൽ മാറ്റം
90ലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന നഗരത്തിൽ ചേർത്തല, തീരദേശ റൂട്ടുകളിലൊഴികെയുള്ള മറ്രെല്ലാ സർവീസുകളെയും പരിഷ്കാരം ബാധിച്ചു
കലവൂർ, മണ്ണഞ്ചേരി, ഇരട്ടക്കുളങ്ങര, കഞ്ഞിപ്പാടം ബസുകൾ രണ്ട് കിലോമീറ്ററോളം അധികം ഓടേണ്ടിവരുന്നത് സമയനഷ്ടത്തിനൊപ്പം ഇന്ധനച്ചെലവും കൂട്ടി
പിച്ചുഅയ്യർ, ഇരുമ്പുപാലം ജംഗ്ഷനുകളിൽ ഇരുദിശകളിലും 100മീറ്റർ മുന്നോട്ട് മാറി ബസുകൾ നിർത്താനാണ് നിർദ്ദേശം.ഇവിടങ്ങളിലെങ്ങും കാത്തുനിൽപ്പ് കേന്ദ്രങ്ങളില്ല
ട്രാഫിക്കിലെ 30ഉദ്യോഗസ്ഥർക്ക് പുറമേ സബ് ഡിവിഷനിലെ വിവിധസ്റ്റേഷനുകളിൽ നിന്നെത്തിയ 45ഉദ്യോഗസ്ഥരും ചേർന്നാണ് ആദ്യദിവസം ഗതാഗതം നിയന്ത്രിച്ചത്
ഇന്ന് വൈകിട്ട് ഉദ്യോഗസ്ഥരുടെ യോഗംചേർന്ന് സ്ഥിതിഗതി വിലയിരുത്തിയശേഷം സ്റ്റോപ്പുകളിലും വൺവേ നിർദേശങ്ങളിലും ആവശ്യമെങ്കിൽ മാറ്റം വരുത്തും
റോഡ് അടച്ചു, കച്ചവടം കുറഞ്ഞു
ഔട്ട് പോസ്റ്റ് -വൈ.എം.സി.എ റോഡിൽ കനാലിന്റെ തെക്കേക്കരയിലെ കടകളിലും ഷോപ്പിംഗ് കോംപ്ളക്സുകളിലും കച്ചവടം കുത്തനെ ഇടിഞ്ഞു. കാൽനടക്കാർ മാത്രമാണ് ഇതുവഴി സഞ്ചാരം. റോഡ് പൂർണമായും അടയ്ക്കുന്നത് കച്ചവടത്തെ ബാധിക്കുമെന്ന അഭ്യർത്ഥന മാനിച്ച് മൂന്നര മീറ്രർ വീതിയിൽ തുറന്ന് നൽകിയെങ്കിലും കാര്യമായ പ്രയോജനമില്ല. റോഡ് അടച്ചശേഷം കെ.എസ്.ഇ.ബി ലൈനുകൾ അഴിച്ചും മരങ്ങൾ മുറിച്ചും മാറ്രാനുളള നടപടികൾ ആരംഭിച്ചു. മരം മുറിച്ചുമാറ്റൽ പൂർത്തിയാകുന്നതിന് പിന്നാലെ തെക്കേക്കരയിൽ പൈലിംഗ് ആരംഭിക്കും. വടക്കേക്കരയിൽ 73ഉം തെക്കേക്കരയിൽ 95 ഉം തൂണുകളുടെ പൈലിംഗാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |