പത്തനംതിട്ട : ആരോഗ്യകേന്ദ്രത്തിൽ എത്തുംമുമ്പേ ഒ.പി ടിക്കെറ്റെടുത്ത് ചികിത്സതേടാനും തുടർസേവനങ്ങൾ ലഭ്യമാക്കാനും ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കി ആരോഗ്യവകുപ്പ്. ജില്ലയിൽ 27 ആശുപത്രികളിൽ ഇ ഹെൽത്ത് സേവനങ്ങൾ ലഭിക്കും. തിരക്കൊഴിവാക്കി ക്യൂ നിൽക്കാതെ ഈ ഹെൽത്തിലൂടെ ടിക്കറ്റെടുക്കാം, വീണ്ടും ചികിത്സ തേടണമെങ്കിൽ അഡ്വാൻസ് ടോക്കണും എടുക്കാം. രോഗി ആരോഗ്യകേന്ദ്രത്തിൽ നിന്ന് ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങും വരെ എല്ലാസേവനങ്ങളും റെക്കോഡ് ചെയ്യും. ഓൺലൈൻ ക്യൂ മനേജ്‌മെന്റ് സംവിധാനം വഴി ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ സാധിക്കും. ഇ ഹെൽത്ത് വെബ് പോർട്ടൽ (https://ehealth.kerala.gov.in) വഴിയാണ് അപ്പോയ്‌മെന്റ് എടുക്കുക. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുമ്പോൾ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ആരോഗ്യസംബന്ധമായ എല്ലാ വിവരങ്ങളും ഉൾകൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയൽ നമ്പരും (യുണിക്ക് ഹെൽത്ത് ഐഡി ) ഈ വെബ്‌പോർട്ടൽ വഴി ലഭ്യമാകും. ആശുപത്രിയെക്കുറിച്ചുള്ള വിവരങ്ങൾ, ലഭ്യമായ സേവനങ്ങൾ, ചികിത്സാസമയം, ലാബ് പരിശോധനകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയും പോർട്ടൽ വഴി അറിയാനാകും.
27 ആശുപത്രികളിൽ ഇ ഹെൽത്ത്
കുടുംബാരോഗ്യ കേന്ദ്രങ്ങളായ പള്ളിയ്ക്കൽ , ആനിക്കാട്, ചന്ദനപ്പള്ളി, ഏഴംകുളം, ചെന്നീർക്കര, മെഴുവേലി, നിരണം, കോട്ടാങ്ങൽ, പന്തളം, കടമ്മനിട്ട, ഓതറ, കോയിപ്രം, ചിറ്റാർ, തണ്ണിത്തോട്, നാറാണമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ, നെടുംമ്പ്രം, ഗ്രാമീണ കുടുംബാരോഗ്യ കേന്ദ്രം തിരുവല്ല, ജനറൽ ആശുപത്രികളായ പത്തനംതിട്ട, അടൂർ, താലൂക്ക് ആശുപത്രികളായ മല്ലപ്പള്ളി, തിരുവല്ല, റാന്നി, കോന്നി, ജില്ലാ ആശുപത്രി കോഴഞ്ചേരി , കോന്നി മെഡിക്കൽ കോളേജ് ആശുപത്രി.
ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ കീഴിൽ
2016 ൽ ആരംഭിച്ച പദ്ധതിയാണ് ഇ ഹെൽത്ത്
പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാആശുപത്രി എന്നിവിടങ്ങളിൽ നിർമ്മാണം നടക്കുന്നതിനാൽ ഇവിടെ പദ്ധതി കാര്യക്ഷമമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |