ന്യൂഡൽഹി: ബീഹാറിൽ 65 ലക്ഷം വോട്ടർമാരെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം ആവശ്യപ്പെട്ടു. ശനിയാഴ്ചയോടെ രേഖാമൂലം മറുപടി അറിയിയ്ക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ബീഹാർ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഏകപക്ഷീയമെന്നും ഭരണഘടനാ വിരുദ്ധമെന്നും ചൂണ്ടിക്കാട്ടി 'ഇന്ത്യ" മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നീക്കം ചെയ്‌ത 65 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ കമ്മിഷൻ വെളിപ്പെടുത്തുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു.
രാഷ്ട്രീയ പാർട്ടികൾക്ക്
പകർപ്പ് നൽകിയില്ലേ?
ഒന്നിനാണ് ബീഹാറിലെ കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിക്കും മുമ്പ് പരിശോധനയ്‌ക്ക് രാഷ്ട്രീയ പാർട്ടികൾക്ക് അവസരം നൽകിയിരുന്നോയെന്ന് കോടതി ചോദിച്ചു. മാനദണ്ഡങ്ങൾ പ്രകാരം ബ്ലോക്ക് തലത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധിക്ക് പട്ടിക കൈമാറേണ്ടതാണെന്ന് നിരീക്ഷിച്ചു. പട്ടിക കൈമാറിയിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പട്ടിക നൽകിയിരുന്നുവെന്ന് കമ്മിഷൻ അഭിഭാഷകൻ പ്രതികരിച്ചപ്പോൾ, ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയെന്ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
ഒന്നിനും വ്യക്തതയില്ല
മരണമടഞ്ഞവർ, അന്യസംസ്ഥാനങ്ങളിലേക്ക് താമസം മാറി പോയവർ എന്നിവരാണോ നീക്കം ചെയ്യപ്പെട്ട ഈ 65 ലക്ഷം വോട്ടർമാരെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുന്നില്ലെന്ന് ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു. അവർ ആരാണെന്നതിന് വിശദീകരണമില്ല. ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) ശുപാർശ പ്രകാരമാണോ ഒഴിവാക്കലും കൂട്ടിച്ചേർക്കലുമെന്നും വ്യക്തതയില്ലെന്നും പറഞ്ഞു. എല്ലാ വശവും സമഗ്രമായി പരിശോധിക്കുമെന്ന് കോടതി സൂചന നൽകി. വിഷയം 12ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |