ബ്രസീലിയ: താരിഫ് വിഷയത്തിൽ ചർച്ച നടത്താൻ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാഗ്ദാനം നിരസിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ട്രംപിനെ വിളിക്കുന്നതിന് പകരം, ബ്രസീലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യു,ടി,ഒ) ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിക്കുമെന്ന് ലുല വ്യക്തമാക്കി.
2022ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടക്കുന്നത് 'വേട്ട'യാണെന്ന് ആരോപിച്ച ട്രംപ്, ഇതിന് പ്രതികാരമെന്നോണമാണ് യു.എസ് ബ്രസീലിന് മേൽ 50 ശതമാനം താരിഫ് ചുമത്തിയത്. ഇതോടെ വാഷിംഗ്ടണും ബ്രസീലും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
അതേസമയം, താൻ ഷീ ജിൻപിംഗിനെ വിളിക്കും, ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ വിളിക്കും. എനിക്ക് പുട്ടിനെ വിളിക്കാൻ കഴിയില്ല, കാരണം അദ്ദേഹത്തിന് ഇപ്പോൾ യാത്ര ചെയ്യാൻ കഴിയില്ല. പക്ഷേ മറ്റ് പല പ്രസിഡന്റുമാരെയും വിളിക്കുമെന്നും ലുല വ്യക്തമാക്കി.
യു.എസ് ഡോളറിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഒരു കൂട്ടായ്മയാണ് ബ്രിക്സ് എന്നാണ് അമേരിക്കയുടെ ആരോപണം. ബ്രിക്സ് നയങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് 10 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളാണ്. അതേസമയം, വഷളായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങൾക്കിടയിലും നവംബറിൽ പരായിലെ ബെലെമിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ് 30ലേക്ക് ട്രംപിനെ ക്ഷണിക്കുമെന്നും ലുല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |