രാജ്യത്ത് നാണയപ്പെരുപ്പം 1.55 ശതമാനം, കേരളത്തിൽ 8.89 ശതമാനം
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകർന്ന് നാണയപ്പെരുപ്പം അതിവേഗം താഴുമ്പോഴും കേരളത്തിൽ വിലക്കയറ്റത്തോത് ഉയർന്ന തലത്തിൽ തുടരുന്നു. കേന്ദ്ര സർക്കാർ ഇന്നലെ പുറത്തുവിട്ട കണക്കുകളനുസരിച്ച് ജൂലായിൽ രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ വിലക്കയറ്റത്തോത് എട്ടു വർഷത്തെ ഏറ്റവും കുറഞ്ഞ തലമായ 1.55 ശതമാനമായി കുത്തനെ താഴ്‌ന്നു, എന്നാൽ ഇക്കാലയളവിൽ കേരളത്തിലെ വിലക്കയറ്റത്തോത് രാജ്യത്തെ ഏറ്റവും ഉയർന്ന തലമായ 8.9 ശതമാനത്തിലാണ്. ജൂണിലിത് 6.7 ശതമാനമായിരുന്നു. തുടർച്ചയായ ആറാം മാസമാണ് കേരളത്തിലെ വിലക്കയറ്റത്തോത് ദേശീയ ശരാശരിയിലും മുകളിൽ നിലനിൽക്കുന്നത്. ജമ്മു കാശ്മീർ, പഞ്ചാബ്, കർണാടക, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ മാത്രമാണ് വിലക്കയറ്റത്തോത് രണ്ട് ശതമാനത്തിന് മുകളിലുള്ളത്.
പുതിയ കണക്കുകളനുസരിച്ച് കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, മുട്ട, മത്സ്യം, മാംസം എന്നിവയുടെയെല്ലാം വില താഴേക്ക് നീങ്ങുകയാണ്.
2019 ജനുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് ഉപഭോക്തൃ വില സൂചിക രണ്ട് ശതമാനത്തിലും താഴെയെത്തുന്നത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില തുടർച്ചയായി താഴേക്ക് നീങ്ങുന്നതാണ് നാണയപ്പെരുപ്പം കുറയാൻ സഹായിച്ചത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കഴിഞ്ഞ മാസം 1.8 ശതമാനം കുറഞ്ഞു.
ജൂണിലെ നാണയപ്പെരുപ്പം 2.1 ശതമാനം
പലിശ ഇനിയും കുറച്ചേക്കും
ആറ് മാസമായി രാജ്യത്തെ നാണയപ്പെരുപ്പം റിസർവ് ബാങ്കിന്റെ പരവമാവധി ലക്ഷ്യമായ നാല് ശതമാനത്തിലും താഴെ തുടരുന്നതിനാൽ മുഖ്യ പലിശ നിരക്ക് വീണ്ടും കുറച്ചേക്കും. ഒക്ടോബറിലെ ധന നയ രൂപീകരണ യോഗത്തിൽ പലിശ നിരക്കിൽ അര ശതമാനം വരെ കുറവുണ്ടാകാനാണ് സാദ്ധ്യത.
ഗ്രാമങ്ങളിൽ വിലയിടിവ് കൂടുതൽ
ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തോത് ജൂണിലെ 1.72 ശതമാനത്തിൽ നിന്നും ജൂലായിൽ 1.18 ശതമാനമായി താഴ്ന്നു. നഗരങ്ങളിലെ വിലക്കയറ്റത്തോത് ഇക്കാലയളവിൽ 2.56 ശതമാനത്തിൽ നിന്ന് 2.05 ശതമാനമായി കുറഞ്ഞു.
സംസ്ഥാനം വിലക്കയറ്റത്തോത്
കേരളം 8.89 ശതമാനം
ജമ്മു കാശ്മീർ 3.77 ശതമാനം
പഞ്ചാബ് 3.53 ശതമാനം
കർണാടക 2.73 ശതമാനം
മഹാരാഷ്‌ട്ര 2.23 ശതമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |