സി.പി. രാധാകൃഷ്‌ണൻ നാളെ നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും
ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തമിഴ് വിളയാടിയേക്കും. തമിഴ്നാട്ടുകാരനായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‌ണനെ എൻ.ഡി.എ കളത്തിലിറക്കിയതിനു പിന്നാലെ 'ഇന്ത്യ' മുന്നണിയും ആ നിലയിൽ ചർച്ച നടത്തുന്നുവെന്നാണ് സൂചന. ഇന്നലെ വൈകീട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേർന്നു. 'മൂൺ മാൻ' എന്നറിയപ്പെടുന്ന, രാജ്യം പദ്മശ്രീ നൽകി ആദരിച്ച മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ മയിൽസ്വാമി അണ്ണാദുരൈയുടെ പേരാണ് സജീവപരിഗണനയിൽ. ഡി.എം.കെ നേതാവ് തിരുച്ചിശിവയുടെ പേരും ചർച്ചകളിലുണ്ട്. ഡി.എം.കെ തന്നെയാണ് രണ്ടുപേരുകളും മുന്നോട്ടുവച്ചതെന്ന് അറിയുന്നു.
തമിഴ്നാട്ടിൽ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് സി.പി. രാധാകൃഷ്‌ണനെ ബി.ജെ.പി രംഗത്തിറക്കിയതെന്നാണ് വിലയിരുത്തൽ. ബി.ജെ.പി തമിഴ് കാർഡ് പുറത്തെടുത്ത സാഹചര്യത്തിൽ തമിഴ്നാട്ടുകാരനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന വാദത്തിന് 'ഇന്ത്യ' മുന്നണി ചർച്ചകളിൽ മുൻതൂക്കം ലഭിച്ചെന്നാണ് സൂചന. ഗൗണ്ടർ സമുദായംഗമായ രാധാകൃഷ്‌ണനെതിരെ അതേ സമുദായത്തിലെ അംഗത്തെ ഇറക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. രാധാകൃഷ്‌ണൻ നാളെ നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും
മത്സരമൊഴിവാക്കാൻ ബി.ജെ.പി
ഏകകണ്ഠമായി അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും, പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ വ്യക്തമാക്കിയിരുന്നു. പിന്നാലെ മുതിർന്ന നേതാവും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിംഗ് 'ഇന്ത്യ' മുന്നണിയിലെ പ്രധാന നേതാക്കളെ ഫോണിൽ വിളിച്ച് സമവായശ്രമം തുടങ്ങി. കോൺഗ്രസിലെ മല്ലികാർജ്ജുൻ ഖാർഗെ, സോണിയാ ഗാന്ധി, ഡി.എം.കെ അദ്ധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തുടങ്ങിയവരുമായി ഫോണിൽ ചർച്ച നടത്തി പിന്തുണ ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്‌ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് രാധാകൃഷ്‌ണന് പിന്തുണ പ്രഖ്യാപിച്ചു. ഡൽഹിയിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്‌ണൻ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിർന്ന ബി.ജെ.പി നേതാക്കളെയും സന്ദർശിച്ചു. വൈകീട്ട് എൻ.ഡി.എ നേതാക്കളുടെ യോഗത്തിലും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |